കോഹ്‌ലിയുടെ മോശം ഫോമിനു പിന്നിലത്; നിരീക്ഷണവുമായി വസീം ജാഫര്‍

കരിയറില്‍ മോശം ഫോമിലൂടെ നീങ്ങുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുന്‍ താരം വസീം ജാഫര്‍. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കോഹ്‌ലി ഡക്കായി മടങ്ങിയ സാഹചര്യത്തിലാണ് ജാഫറിന്റെ നിരീക്ഷണം. ഫോം വീണ്ടെടുക്കാന്‍ ചെറിയൊരു ബ്രേക്കെടുക്കണമെന്നു കോഹ്‌ലിയോടു ആവശ്യപ്പെട്ടിരിക്കുകയാണ് താരം.

‘ആറു മാസങ്ങള്‍ക്കു മുമ്പ് കോഹ്‌ലി കളിച്ചിരുന്ന എല്ലാ ടീമുകളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്നു. പെട്ടെന്നു അന്തരീക്ഷം മാറിയിരിക്കുകയാണ്. ഇവയായിരിക്കാം ബാറ്റിംഗിലെ ഇപ്പോഴത്തെ മോശം ഫോമിനു കാരണം.’

‘ഐപിഎല്ലില്‍ ബാംഗ്ലൂരിനേക്കാള്‍ കോഹ്‌ലിയുടെ ഫോം ഇന്ത്യന്‍ ടീമിനെയായിരിക്കും ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുക. കാരണം ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ബാറ്റിംഗില്‍ കൂടുതല്‍ സംഭാവന അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.’

‘നിലവിലെ സാഹചര്യവുമായി ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ കോഹ്‌ലിയുടെ മനസ്സില്‍ കിടന്നു കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒന്നോ, രണ്ടോ മാസം ബ്രേക്കെടുക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിനു ഒരു ദോഷവും വരുത്തില്ല’ ജാഫര്‍ നിരീക്ഷിച്ചു.