സ്മിത്തിനെ കൂവി ഇന്ത്യന്‍ ആരാധകര്‍, കോഹ്ലി ചെയ്തത്

ലോക കപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകരുടെ അപക്വമായ പെരുമാറ്റത്തില്‍ ഇടപെട്ട് നായകന്‍ വിരാട് കോഹ്ലി.
ഓസ്‌ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്ത് ബൗണ്ടറിക്കരികില്‍ എത്തിയപ്പോള്‍ കൂവിയാണ് ആരാധകരില്‍ ഒരു വിഭാഗം വരവേറ്റത്.

എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കാണികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. മാത്രമല്ല കാണികള്‍ക്ക് നേരെ തിരിഞ്ഞ് നിശ്ശബ്ദമാകാന്‍ പറഞ്ഞ കോഹ്ലി താരങ്ങളെ കയ്യടിച്ച് പ്രേത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു. മത്സരത്തില്‍ ബാറ്റ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

നേരത്തെ ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഇംഗ്ലണ്ടില്‍ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു. വാര്‍ണറെയും സ്മിത്തിനെയും കൂവിയാണ് ഇംഗ്ലീഷ് കാണികളും വരവേറ്റത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ് ഇരുവര്‍ക്കുമെതിരെ തിരിയാന്‍ കാണികളെ പ്രേരിപ്പിക്കുന്നത്.

മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ആവേശകരമായ മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖര്‍ ധവാന്‍ സെഞ്ച്വറിയും കോഹ്ലിയും രോഹിത്തും അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.