'അങ്ങനെയൊന്നും രോഹിതിനെ ഔട്ടാക്കാന്‍ പറ്റില്ല പോളീ..' പൊള്ളോര്‍ഡിനോട് വിരാട്‌ കോഹ്ലി ; ട്വന്റി20യ്ക്ക് ഇടയിലെ തമാശ വൈറല്‍

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ കളിക്കിടയിലെ രസകരമായ സംഭവങ്ങള്‍ വാര്‍ത്തയാകുന്നുണ്ട്. സ്റ്റമ്പിലെ മൈക്കിലൂടെ വിരാട് കോഹ്ലി ദേഷ്യപ്പെട്ടതും വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ സംഭവങ്ങള്‍ക്കും ഇടയിലെ സംസാരങ്ങളുമെല്ലാം വാര്‍ത്തയാകുന്നതിനിടയില്‍ ഇന്നലെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും വെസ്റ്റിന്‍ഡീസ് നായകന്‍ കീറന്‍ പൊള്ളോര്‍ഡും തമ്മില്‍ നടന്ന ഗ്രൗണ്ടിലെ രസകരമായ സംഭാഷണമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തിനിടെ രോഹിത്തിനെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടയില്‍ വിരാട് കോഹ്ലി പൊള്ളോര്‍ഡിനോട് പറഞ്ഞു. ‘രോഹിത്തിനെ (ശര്‍മ) അങ്ങനെയൊന്നും ഔട്ടാക്കാന്‍ പറ്റില്ല പോളീ…’ ഇന്ത്യയുടെ ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ റോസ്റ്റണ്‍ ചേസ് ബോള്‍ ചെയ്ത ഈ ഓവറിലെ മൂന്നാം പന്ത് നേരിട്ടത് വിരാട് കോലി.

ചേസിന്റെ പന്ത് കോഹ്ലി നേരിട്ടെങ്കിലും അത് നേരേ പോയി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന രോഹിത് ശര്‍മയുടെ ദേഹത്ത് തട്ടി ഗതിമാറി. ഓടിയെത്തിയ വിന്‍ഡീസ് നായകന്‍ പൊള്ളാര്‍ഡിനെ സാക്ഷിനിര്‍ത്തി റോസ്റ്റണ്‍ ചേസ് പന്ത് പിടിച്ചെടുത്ത് രോഹിത്തിനെ റണ്ണൗട്ടാക്കാന്‍ ശ്രമം നടത്തി. രോഹിത് ക്രീസിനു പുറത്താണെന്ന ധാരണയില്‍ ചേസ് പന്ത് വിക്കറ്റിലേക്ക് എറിഞ്ഞെങ്കിലും രോഹിത് ക്രീസില്‍ത്തന്നെയുണ്ടായിരുന്നു. ഇതുകണ്ട്  ‘രോഹിത്തിനെ അങ്ങിനെയൊന്നും ഔട്ടാക്കാനാകില്ല പോളീ..” എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.

പൊള്ളാര്‍ഡിനോടായി കോഹ്ലി നടത്തിയ രസകരമായ പ്രസ്താവന കേട്ട് രോഹിത്തും പൊള്ളോര്‍ഡും ഒരുപോലെ ചിരിച്ചു. രണ്ടുപേരും ചിരിച്ചുകൊണ്ട് നീങ്ങുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ റണ്ണൗട്ടിന് തൊട്ടുപിന്നാലെ ബ്രണ്ടന്‍ കിങ്ങിന് ക്യാച്ച് നല്‍കി രോഹിത് പുറത്താവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.