ഭാരമൊഴിഞ്ഞല്ലോ....ദക്ഷിണാഫ്രിക്കയില്‍ ആരാധകര്‍ കാത്തിരിക്കുന്നത് കോഹ്ലിയുടെ ഈ നേട്ടം കാണാന്‍

ക്യാപ്റ്റന്‍സ്ഥാനത്തിന്റെ ഭാരമില്ലാതായിരിക്കുന്ന വിരാട്‌കോഹ്ലി നിര്‍തതിവെച്ചിരിക്കുന്ന സെഞ്ച്വറി എപ്പോള്‍ തുടരുമെന്ന ആകാംഷയിലാണ് ആരാധകര്‍. രണ്ടു വര്‍ഷമായി താരത്തിന് പൂരിപ്പിക്കാന്‍ കഴിയാതെ പോയിരിക്കുന്ന സെഞ്ച്വറി നേട്ടം ഇനി എന്ന് തുടരാനാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം വിട്ടിരിക്കുന്ന വിരാട് കോഹ്ലിയ്ക്ക് ഇനി സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാനാകുമെന്ന് ആരാധകര്‍ കരുതുന്നു.

ഇന്ത്യ ആദ്യമായി പിങ്ക് പന്തില്‍ ടെസ്റ്റ് കളിച്ച ഈഡന്‍സ് ഗാര്‍ഡനില്‍ ബംഗ്‌ളാദേശിനെതിരേ 2019 നവംബറില്‍ നടന്ന ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. ഇന്ത്യ വിജയിച്ച മല്‍സരത്തില്‍ 136 റണ്‍സ് നേടിയിരുന്നു. സെഞ്ച്വറിയില്ലാതെ രണ്ടു വര്‍ഷം കോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് തിരുത്തുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള കോഹ്ലി ഇതുവരെ 70 അന്താരഷ്ട്ര സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 43 സെഞ്ച്വറി നേടിയ കോഹ്ലി ടെസ്റ്റില്‍ 27 സെഞ്ച്വറികളും നേടിയിട്ടുണ്ട്. സച്ചിന്റെ 50 ഏകദിന സെഞ്ച്വറികള്‍ മറികടക്കാന്‍ ഇനി കോഹ്ലിയ്ക്ക് വേണ്ടത് എട്ടു സെഞ്ച്വറികള്‍ കൂടിയാണ്. താരത്തിന്റെ 71 ാം സെഞ്ച്വറി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോ്ഹ്ലി ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ രണ്ടുവര്‍ഷമായി നേരിടുന്ന സെഞ്ച്വറി വരള്‍ച്ച പരിഹരിക്കപ്പെടുമെന്നാണ് വാസീം ജാഫറിനെ പോലെയുളള മുന്‍താരങ്ങളും പ്രവചിക്കുന്നത്. ഏകദിനത്തില്‍ കോലിയുടെ അവസാനത്തെ സെഞ്ച്വറി 2019 ആഗസ്റ്റ് 14നു വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. അന്നു പുറത്താവാതെ 114 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി 19 നാണ് തുടങ്ങുക.