ബെംഗളൂരു ജേതാക്കളാകാത്തതിന്റെ കാരണം താന്‍ തന്നെ‍; ആരാധകരെ ഞെട്ടിച്ച് കോഹ്ലി

കുട്ടി ക്രിക്കറ്റ് പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ കുപ്പായത്തില്‍ കളിക്കുന്ന താരങ്ങള്‍ ക്രിക്കറ്റിലെ ഏറ്റവും വര്‍ണപ്പകിട്ടേറിയ ടൂര്‍ണമെന്റായ ഐപിഎല്ലിനെത്തുമ്പോള്‍ പരസ്പര വൈരികളാകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇഷ്ട താരങ്ങള്‍ ഒരു ടീമിനായി അണിനിരക്കുന്നു. ഇതെല്ലാം ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് എന്നിവയ്ക്കാണ് ഐപിഎല്ലില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ളത്. ഇതില്‍, മുംബൈ ഇന്ത്യന്‍സും ചെന്നൈയും തങ്ങളുടെ മികവ് കിരീടങ്ങള്‍ നേടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആണ് ഇക്കാര്യത്തില്‍ ഏറ്റവും പിറകില്‍.

ഒന്നിനൊന്ന് മികച്ച താരങ്ങള്‍ എല്ലാ തവണയും ബെംഗളൂരുവിന് ഉണ്ടാകാറുണ്ട് എങ്കിലും കിരീടം മാത്രം അവര്‍ക്ക് അകന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ടീമെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിക്ക് പോലും ടീമിന്റെ ഈ അവസ്ഥയില്‍ മാറ്റം വരുത്തുവാന്‍ സാധിച്ചിട്ടില്ല . ഈ സീസണിലും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ കീഴില്‍ ബാംഗ്ലൂര്‍ എത്തുന്നത് .

കഴിഞ്ഞ സീസണുകളില്‍ ബാംഗ്ലൂരിന് തിരിച്ചടിയായത് നിര്‍ണായക ഘട്ടങ്ങളിലുള്ള തന്റെ മോശം തീരുമാനമാണെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ” തോല്‍വികള്‍ സംഭവിക്കുന്നത് മോശം തീരുമാനങ്ങള്‍ മൂലമാണ് . ഞാനിവിടെയിരുന്ന് ഞങ്ങള്‍ക്ക് ഭാഗ്യമില്ലെന്ന് പറയുന്നത് ശരിയല്ല . നിങ്ങളുടെ ഭാഗ്യം ഉണ്ടാക്കുന്നത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മോശം തീരുമാനവും എതിര്‍ ടീം ശരിയായ തീരുമാനവുമെടുത്താല്‍ നിങ്ങള്‍ പരാജയപെടും . വലിയ മത്സരങ്ങളില്‍ ഞങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരുന്നില്ല .” വിരാട് കോഹ്ലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ സീസണ്‍ അവസാനിപ്പിച്ചത്. ആദ്യ പത്ത് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ശേഷം പ്ലേയോഫിന് മുന്‍പ് തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയാണ് ബാംഗ്ലൂര്‍ ആറാം സ്ഥാനം സ്വന്തമാക്കിയത്.

മാര്‍ച്ച് 23നാണ് ഐപിഎല്‍ 2019 സീസണിന്‍റെ ആദ്യ മത്സരം. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് പോരാട്ടം.

നിലവില്‍ 17 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. സമ്പൂര്‍ണ ഷെഡ്യൂള്‍ നാളെ പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

ലോക് സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാതിരുന്നത് കൊണ്ടാണ് ഐപിഎല്‍ തീയതികളും വൈകിയത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള മത്സരങ്ങളുടെ തീയതികള്‍ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞയാഴ്‍ച്ച പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ബിസിസിഐ ഐപിഎല്‍ തീയതികള്‍ മുഴുവനായും പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.