കോഹ്ലി-രോഹിത്ത് പോരിന് വീണ്ടും കളമൊരുങ്ങുന്നു, ആര് ജയിക്കും?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ സ്വന്തം കൈപിടിയിലൊതുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. സീനിയര്‍ താരങ്ങളായ കോഹ്ലിയും രോഹിത്തും തമ്മലാണ് റെക്കോര്‍ഡുകള്‍ക്കായി കടിപിടി കൂടാനൊരുങ്ങുന്നത്.

നിലവില്‍ ട്വന്റി20യില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ രോഹിത്താണ്. രോഹിത്തിന് തൊട്ടുതാഴെ നില്‍ക്കുന്ന കോഹ് ലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ 53 റണ്‍സ് കൂടി മതി. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടി20 പരമ്പര ഇരുതാരങ്ങള്‍ക്കും നിര്‍ണ്ണായകമാകും.

88 ട്വന്റി20 ഇന്നിങ്സില്‍ നിന്ന് 2422 റണ്‍സാണ് ട്വന്റി20യില്‍ രോഹിത്തിന്റെ സമ്പാദ്യം. കോഹ്ലിയ്ക്കാകട്ടെ 65 ഇന്നിങ്സില്‍ നിന്ന് 2369 റണ്‍സ് നേടി.

ഇതുകൂടാതെ മറ്റൊരു റെക്കോര്‍ഡിന് വേണ്ടിയും രോഹിത്തിനും കോഹ്ലും തമ്മില്‍ പോരാട്ടമുണ്ട്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അന്‍പതിന് മുകളില്‍ സ്‌കോര്‍ പിന്നിട്ട റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും. 17 ഫിഫ്റ്റിയും നാല് സെഞ്ച്വറിയുമായി 21 തവണയാണ് രോഹിത്ത് അന്‍പതിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. കോഹ്ലിയാകട്ടെ 21 അര്‍ധ ശതകങ്ങളും സ്‌കോര്‍ ചെയ്തു.

മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുളളത്. ധര്‍മ്മശാലയിലാണ് ആദ്യ ടി20 മത്സരം.