ഡല്‍ഹി ടെസ്റ്റ്: ബിസിസിഐയ്‌ക്കെതിരെ ഫിഫ

ന്യൂഡല്‍ഹി: മലിനീകരണ തോത് അതികമായ ഡല്‍ഹിയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ടര്‍ 17 ഫിഫ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി. ദീപാവലി മുതല്‍ ഫെബ്രുവരി അവസാനം വരെ ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് സെപ്പ് തുറന്ന് പറയുന്നു.

സ്പോര്‍ട്‌സ് ആരോഗ്യത്തിന് വേണ്ടിയുള്ളതാണ്. ദില്ലിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് സമയക്രമം തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.

ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് പുകമഞ്ഞും വായു മലിനീകരണവും മൂലം തടസപ്പെട്ടിരുന്നു. അപകടകരമായ നിരക്കിലാണ് ദില്ലിയില്‍ വായു മലിനീകരണ തോത് ഇപ്പോളുള്ളത്.

ശ്രീലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിച്ചാണ് കളിക്കാനിറങ്ങിയത്. ശ്രീലങ്കക്ക് ഫീല്‍ഡ് ചെയ്യാന്‍ താരങ്ങള്‍ തികയാതെ വന്നതോടെ ഇന്നിംഗ്‌സിന്റെ 123-ാം ഓവറില്‍ നായകന്‍ വിരാട് കോലി ഇന്ത്യ ഡിക്ലയര്‍ ചെയ്തതായി അറിയിച്ചു. താരങ്ങളും പരിശീലകരും അമ്പയര്‍മാരുമായി സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത ഡിക്ലയര്‍.

അതെസമയം ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. പുകമഞ്ഞും മലിനീകരണവും ഡല്‍ഹിയില്‍ ക്രിക്കറ്റ് അസാധ്യമാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം ലങ്കന്‍ കാണികളുടെ അഭിപ്രായം. ഐഎസിസിയ്ക്കടക്കം ഇത്തരം പരാതികള്‍ ലഭിച്ചിട്ടുളളതായാണ് സൂചന. ഇക്കാര്യത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം പുകമഞ്ഞ് കാരണം 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടുപോയി. 123ാം ഓവറില്‍ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസര്‍ ലഹിരു ഗമാജെ ബോളിങ് നിര്‍ത്തി. തുടര്‍ന്ന് ലങ്കന്‍ ക്യാപ്റ്റന്‍ അമ്പയറെ സമീപിച്ചതോടെ കളി നിര്‍ത്തിവച്ചു.