രഹാനേയും പൂജാരയും അടുത്ത പരമ്പരയ്ക്ക് ടീമില്‍ ഉണ്ടാകുമോ?  വിരാട്‌കോഹ്ലിയുടെ മറുപടി ഇങ്ങിനെ

ദക്ഷിണാഫ്രിക്കയിലെ ഒരു പരമ്പര നഷ്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഉയരുന്ന മില്യണ്‍ ഡോളര്‍ ചോദ്യം സീനിയര്‍ താരങ്ങളായ രഹാനേയുടെയും പൂജാരയുടേയും ഭാവി സംബന്ധിച്ചതാണ്. എന്നാല്‍ ഇതിനകം ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മറുപടി ഇങ്ങിനെയായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യയ്ക്കായി ചെയ്തിരുന്ന കാര്യങ്ങള്‍ മൂന്‍ നിര്‍ത്തി ഇവരെ വീണ്ടും പിന്തുണയ്ക്കും ഒരു പ്രത്യേക സാഹചര്യത്തില്‍ അത് തള്ളിക്കളയാനാകുന്നതല്ല.

മൂന്നാം മത്സരം പരാജയപ്പെട്ടതിന് ശേഷം നടന്ന പ്രസന്റേഷനിലായിരുന്നു പൂജാരയുടേയും രഹാനേയുടെയും ഭാവി സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം അറിയണമെങ്കില്‍ സെലക്ടര്‍മാരോട് പോയി ചോദിക്കാനും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് മികച്ച രീതിയില്‍ മുമ്പ് സംഭാവന നല്‍കിയവരെ ടീം ഇനിയും പിന്തുണയ്ക്കുന്നെന്നും ഇവരുടെ ഭാവി കാര്യത്തെക്കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു നായകന്റെ മറുപടി.

ഭാവിയില്‍ എന്താണ് സംഭവിക്കുക എന്ന് തനിക്ക് ഇവിടെ ഇരുന്ന് പറയാന്‍ കഴിയില്ലെന്നും തനിക്ക് ഇവിടിരുന്ന് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്നും പറഞ്ഞു. അതറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ സെലക്ടര്‍മാരോട് തന്നെ ചോദിക്കേണ്ടി വരുമെന്നും അവരുടെ മനസ്സിലിരിക്കുന്ന കാര്യം എന്താണെന്ന് അറിയുക തന്റെ ജോലിയല്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

സെഞ്ചുറിയനില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ച ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 20 റണ്‍സും അടിച്ച് നിര്‍ണ്ണായക സംഭാവന ചെയ്തയാളാണ് രഹാനേ. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ സ്ഥിരത നില നിര്‍ത്താന്‍ താരത്തിനായില്ല. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പൂജാരയുമായി 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും മൂന്നാം ടെസ്റ്റിലെ രണ്ടു ഇന്നിംഗ്‌സിലും രഹാനേയ്ക്കും പൂജാരയ്ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.