കോഹ്‌ലിയുടെ രാജിയ്ക്ക് കാരണക്കാരന്‍ ദ്രാവിഡ്; തുറന്നടിച്ച് പാക് താരം

വിരാട് കോഹ്‌ലിയെ ടെസ്റ്റ് നായകസ്ഥാനം കൂടി ഒഴിയാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് രാഹുല്‍ ദ്രാവിഡുമായി ഒത്തുപോകാനുള്ള പ്രയാസമാണെന്ന് പാകിസ്ഥാന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. രണ്ട് പേരുടെയും ശൈലികളും രീതികളും വിഭിന്നമാണെന്നും അത് കോഹ്‌ലിയില്‍ പ്രയാസമുണ്ടാക്കി കാണുമെന്നും ബട്ട് വിലയിരുത്തി.

‘യോജിച്ച് പോകാന്‍ സാധിക്കാത്തതിന്റെ ഒരു പ്രശ്നം അവിടെയുണ്ട്. രാഹുല്‍ ദ്രാവിഡ് എപ്പോഴും ശാന്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന താരമാണ്. വിരാട് കോഹ്‌ലി ആക്രമണോത്സകത കൂടിയ താരവും. കോഹ്‌ലിയും രവി ശാസ്ത്രിയും തമ്മിലുള്ള കൂട്ടുകെട്ട് വലിയ ഹിറ്റായിരുന്നു. അതിനുള്ള കാരണം രണ്ട് പേരുടെയും സ്വഭാവം ഏറെക്കുറെ ഒരുപോലെയായിരുന്നു.’

Former Pakistan captain Salman Butt lashes out at Pakistan cricket and says  this - OrissaPOST

‘സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ എല്ലാവരും കോഹ്‌ലിക്ക് ആശംസ നേരുകയാണ് ചെയ്തത്. അതിനര്‍ത്ഥം അവന്‍ ഈ ജോലിയില്‍ വളരെ മികച്ചവനായിരുന്നുവെന്നാണ്. അതുകൊണ്ടാണ് അവനെക്കുറിച്ച് ഇത്രയും നഷ്ടബോധം ഉണ്ടാകുന്നത്’ സല്‍മാന്‍ ബട്ട് പറഞ്ഞു.

പുതിയ ടെസ്റ്റ് നായകന്‍ ആരാകണമെന്ന അഭിപ്രായവും താരം പങ്കുവെച്ചു. രോഹിത് ശര്‍മ്മയെ നായകനാക്കി യുവതാരത്തെ വൈസ് ക്യാപ്റ്റനാക്കുന്നതാവും കൂടുതല്‍ അനുയോജ്യമെന്ന് താരം വിലയിരുത്തി.