താക്കൂറിന് എതിരെ പരസ്യമായി പൊട്ടിത്തെറിച്ച് കോഹ്‌ലി, മാപ്പ് പറഞ്ഞ് യുവതാരം

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യ്ക്കിടെ ഇന്ത്യന്‍ താരം ഷാര്‍ദുല്‍ താക്കൂറിനോട് ക്ഷുഭിതനായി നായകന്‍ വിരാട് കോഹ്‌ലി. ഫീല്‍ഡിലെ അലസതയുടെ പേരിലാണ് ഷാര്‍ദുല്‍ താക്കൂര്‍ ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകളുടെ ചൂടറിഞ്ഞത്

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ ഇന്നിംഗ്സിന്റെ 12-ാം ഓവറിലായിരുന്നു സംഭവം. ബൗളിങ്ങും ഫീല്‍ഡിങ്ങും ടൈറ്റാക്കി ഇംഗ്ലണ്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.

ജോണി ബെയര്‍സ്റ്റോ ലെഗ് സൈഡിലേക്ക് കളിച്ച പന്തിനോട് പ്രതികരിക്കാന്‍ ഷാര്‍ദുല്‍ വൈകി. ഫലമോ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ രണ്ടു റണ്‍സ് ഓടിയെടുത്തു. ഷാര്‍ദുലിന്റെ ത്രോ വിക്കറ്റിന്റെ ഏഴയലത്ത് കൂടി പോയില്ലെന്ന് മാത്രമല്ല ഷാര്‍ദുല്‍ എറിഞ്ഞ പന്ത് നേരെ പോയത് കോഹ്‌ലിയുടെ നേര്‍ക്കായിരുന്നു.

ഇതോടെ കോഹ്‌ലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഷാര്‍ദുലിനോട് ക്ഷുഭിതനായി തന്നെ കോഹ്‌ലി സംസാരിച്ചു. ഷാര്‍ദുല്‍ കൈ ഉയര്‍ത്തി ക്യാപ്റ്റനോട് ക്ഷമാപണം നടത്തുന്നതും കാണാമായിരുന്നു.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവറോളം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ബട്ട്‌ലറാണ് കളിയിലെ താരം.