കോഹ്ലി യുഗം അവസാനിക്കുന്നോ, സെഞ്ച്വറി ഇല്ലാത്ത 19 ഇന്നിംഗ്‌സുകള്‍, നായകന് സംഭവിക്കുന്നത്

ന്യൂസിലന്‍ഡിലെ ഓരോ മത്സരവും പിന്നിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഒരു ആശങ്ക പതുക്കെ പതുക്കെ കനംവെക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഇതെന്ത് പറ്റിയെന്നാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ 19 ഇന്നിങ്സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും ഇന്ത്യന്‍ നായകന് കണ്ടെത്താനായിട്ടില്ല എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ രണ്ട് റണ്‍സ് മാത്രമാണ് കോഹ്ലി സ്വന്തമാക്കിയത്. അരങ്ങേറ്റ ബൗളര്‍ ജാമിസണിന് മുന്‍പിലാണ് കോഹ്ലി ഇത്തവണ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതോടെ ഇന്ത്യന്‍ നായകന്റെ ഫോമിനെ ചൊല്ലി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

മൂന്ന് ഫോര്‍മാറ്റിലുമായി കഴിഞ്ഞ എട്ട് ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ ശതകം മാത്രമാണ് കോഹ് ലിയുടെ പേരിലുള്ളത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം കോഹ് ലിക്ക് ഇങ്ങനെ റണ്‍സ് കണ്ടെത്താനാവാതെ വരുന്നത് ആദ്യമാണ്.

19 ഇന്നിങ്സുകള്‍ സെഞ്ചുറിയില്ലാതെ ഇതിന് മുന്‍പ് കളിച്ചിരിക്കുന്നത് രണ്ട് വട്ടമാണ്. ആദ്യത്തേത് 2011 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ. അന്ന് 24 ഇന്നിങ്സുകളാണ് സെഞ്ചുറിയിലേക്കുള്ള ഇടവേളയില്‍ വന്നത്. 2014ല്‍ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ നീണ്ടതാണ് രണ്ടാം ഘട്ടം. അന്ന് 25 ഇന്നിങ്സുകളാണ് സെഞ്ചുറിയിലേക്ക് എത്താനാവാതെ കോഹ്ലി കളിച്ചത്.

അതെസമയം പരാജയങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യന്‍ നായകന്‍ തിരിച്ചുവരുമെന്ന ആത്മവിശ്വസാത്തിലാണ് ഒരു വിഭാഗം ആരാധകര്‍. വര്‍ഷത്തില്‍ 300 ദിവസവും കളിക്കുന്ന അമിത മത്സര ഭാരമാണ് ഇന്ത്യന്‍ നായകനെ തകര്‍ക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പൊതുവായ വിലയിരുത്തല്‍.