കോഹ്‌ലി പഴയ ഫോമിലേക്ക് തിരിച്ചെത്തും, ക്ഷമ വേണം സമയമെടുക്കും; വിലയിരുത്തലുമായി ശാസ്ത്രി

വിരാട് കോഹ്‌ലി വളരെ വേഗത്തില്‍ തന്നെ പഴയ ഫോമിലേക്കു തിരിച്ചെത്തുമെന്നു തനിക്കു ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. കുറച്ചു കൂടി ക്ഷമ കാണിച്ചാല്‍ എല്ലാം ശരിയാവുമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

‘കോഹ്‌ലിക്കു വലിയ സ്‌കോര്‍ നേടാന്‍ കഴിയും. അതിന് തുടക്കത്തില്‍ ക്ഷമയോടെ കളിക്കണം. ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കണം, മാത്രമല്ല ആദ്യത്തെ 8-10 ഓവറുകളില്‍ ഏരിയല്‍ ഷോട്ടുകള്‍ കളിക്കുന്നത് ഒഴിവാക്കുകയും വേണം.’

‘കോഹ്‌ലി തന്റെ താളം വീണ്ടെടുത്താല്‍ റണ്‍സ് വരാന്‍ തുടങ്ങും. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സൊഴുകുമെന്നതില്‍ എനിക്കൊരു സംശയവുമില്ല. പക്ഷെ കോഹ്‌ലി അതിനു സമയം നല്‍കണം’ ശാസ്ത്രി പറഞ്ഞു.

ഐപിഎല്‍ ഈ സീസണില്‍ 8 മത്സരങ്ങളില്‍ നിന്ന് 119 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ പുറത്താകാതെ 41 റണ്‍സ് നേടിയ കോഹ്ലി, പിന്നീടുള്ള 7 ഇന്നിംഗ്സില്‍ നേടിയത് 79 റണ്‍സ് മാത്രമാണ്. മുംബൈയ്ക്കെതിരെ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.