കോഹ്ലിക്ക് മുമ്പില്‍ റെക്കോര്‍ഡുകളുടെ 'കൂട്ടത്തകര്‍ച്ച'

നാഗ്പൂരില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പഴങ്കഥയാക്കിയത് ഒന്നിലേറെ റെക്കോര്‍ഡുകള്‍. ഒരു കാലത്ത് സച്ചിന്‍ നടത്തിയ റെക്കോര്‍ഡ് വേട്ടയുടെ പാതയില്‍ തന്നെയാണ് കോഹ്ലിയും. ഇന്നത്തെ സെഞ്ച്വറിയോടെ കോഹ്ലി ഒരേസമയം മറികടന്നത് ലോക ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍, ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോഡുകളാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ പത്തൊന്‍പതാം സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകക്രിക്കറ്റിലെ അഞ്ചാം താരമായി കോഹ്ലി ഇതോടെ മാറി. ഇന്ത്യന്‍ റെക്കോര്‍ഡില്‍ ക്രിക്കറ്റ് ദൈവം സച്ചിനെയാണ് കോഹ്ലി മറികടന്നത്. സച്ചിന്‍ 19 സെഞ്ച്വറികള്‍ക്ക് 105 ഇന്നിംഗ്സ് എടുത്തപ്പോള്‍ കോഹ്ലിക്ക് 104 ഇന്നിംഗ്സുകള്‍ മാത്രമാണ് വേണ്ടിവന്നത്. 53 ഇന്നിംഗ്സുകളില്‍ 19 സെഞ്ച്വറി തികച്ച ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. സുനില്‍ ഗവാസ്‌കര്‍ (85 ഇന്നിംഗ്സ്), മാത്യു ഹെയ്ഡന്‍ (94 ഇന്നിംഗ്സ്), സ്റ്റീവന്‍ സ്മിത്ത് (97 ഇന്നിംഗ്സ്) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ള മറ്റ് താരങ്ങള്‍.

ടെസ്റ്റില്‍ തന്റെ പത്തൊന്‍പതാം സെഞ്ച്വറി നേടിയപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പത്തു അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ നായകന്‍ എന്ന വിശേഷണവും കൊഹ്‌ലി സ്വന്തമാക്കി. ഇക്കാര്യത്തില്‍ ഒമ്പത് സെഞ്ച്വറികള്‍ വീതം നേടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കന്‍ മുന്‍നായകന്‍ ഗ്രെയം സ്മിത്ത് എന്നിവരെയാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. പോണ്ടിംഗ് 2005, 2006 വര്‍ഷങ്ങളിലും സ്മിത്ത് 2005 ലും നായകനെന്ന നിലയില്‍ ഒമ്പത് സെഞ്ച്വറികള്‍ നേടിയിരുന്നു. ഏഴ് ടെസ്റ്റ് സെഞ്ച്വറികളും മൂന്ന് ഏകദിന സെഞ്ച്വറികളുമാണ് കോഹ്ലി ഈ വര്‍ഷം ഇതുവരെ നേടിയിരിക്കുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന്റെ പേരിലായിരുന്ന 11 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്നത്തെ വെടികെട്ട് പ്രകടനത്തോടെ കോഹ്ലി മറികടന്നു. ഗവാസ്‌കര്‍ 74 ഇന്നിംഗ്സുകളില്‍ നിന്ന് 11 സെഞ്ച്വറികള്‍ നേടിയപ്പോള്‍ കോഹ്ലി 49 ഇന്നിംഗ്‌സുകളില്‍ നിന്ന് 12 സെഞ്ച്വറികള്‍ നേടി.

ലങ്കക്കെതിരെ ഇരട്ട സെഞ്ച്വറി തികച്ചതോടെ നായകനെന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പം കോഹ്ലി എത്തി. ലാറ നായകനായിരിക്കെ അഞ്ച് ഡബിള്‍ സെഞ്ച്വറികളാണ് നേടിയത്. കൊഹ്‌ലിയും ഇതേ അക്കത്തിലെത്തി. ഒപ്പം ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരന്‍ എന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പവും കോഹ്ലി തന്റെ പേര് എഴുതിച്ചേര്‍ത്തു. 2016, 2017 വര്‍ഷങ്ങളിലായാണ് കോഹ്ലി തന്റെ അഞ്ച് ഇരട്ട ശതകങ്ങളും സ്വന്തമാക്കിയത്.