കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് 405 റണ്‍സിന്റെ കൂറ്റന്‍ ലീഡ്

റെക്കോര്‍ഡ് നേട്ടത്തെ ഇരട്ട സെഞ്ചിറി കൊണ്ട് അലങ്കരിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് മികവില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. റണ്‍മഴ പെയ്ത നാഗ്പുരില്‍ ഇന്ത്യ ആറു വിക്കറ്റിന് 610 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംസ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയ്ക്ക് 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 205 റണ്‍സിനു പുറത്തായിരുന്നു.

ടെസ്റ്റില്‍ കോഹ്ലിയുടെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറി നേട്ടമായിടുന്നു ഇന്നത്തേത്. 267 ബോളില്‍ നിന്ന് 17 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 213 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിക്ക് പുറമേ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തു പകര്‍ന്നു. 160 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 102 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു. മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ നേരത്തെ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ചു പന്തില്‍ ഒരു റണ്ണെടുത്ത വൃദ്ധിമാന്‍ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയുടെ ദില്‍റുവാന്‍ പെരേര 45 ഓവറില്‍ 202 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഷാനക, ഹെറാത്ത്, ഗാമാജേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Read more

മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ്. സമരവിക്രമയെ പൂജ്യത്തിന് പവനിയിലെത്തിച്ച് ഇശാന്ത് ശര്‍മയാണ് സന്തര്‍ശകര്‍ക്ക് ആദ്യ പ്രഹരം ഏല്പിച്ചിരിക്കുന്നത്.