രാഹുലും ഭുവിയും ധവാനും ഒന്നും വേണ്ട, തീരുമാനം തെറ്റിയിട്ടില്ലെന്ന് കോഹ്‌ലി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ നിര ബാറ്റിംഗിലും ബോളിംഗിലും പരാജയപ്പെട്ടതിനെതിന് പിന്നാലെ ടീം തിരഞ്ഞെടുപ്പിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ടീം മികച്ചത് തന്നെയായിരുന്നു എന്ന് കോഹ് ലി പറഞ്ഞിരിക്കുന്നത്.

“ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ല. മികച്ച ടീമിനെ തന്നെയാണ് നമ്മള്‍ ഇറക്കിയത്. നാല് പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ ഒരു ഫാസ്റ്റ് ബോളിംഗ് ഓള്‍റൗണ്ടറെ വേണം. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഈ കോമ്പിനേഷനില്‍ ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ മികച്ച കോമ്പിനേഷനെന്നാണ് ഞങ്ങള്‍ കരുതിയത്.”

“മികച്ച ബാറ്റിംഗ് ഡെപ്തും ഈ കോമ്പിനേഷനില്‍ ടീമിനുണ്ട്. മത്സരത്തില്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമായിരുന്നു.” മത്സരശേഷം കോഹ്‌ലി പറഞ്ഞു. ഫൈനലില്‍ കിവീസ് അഞ്ച് പേസര്‍മാരെ ഇറക്കിയപ്പോള്‍ ഇന്ത്യ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇറങ്ങിയത്.

32 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റണ്‍സ് മാത്രമാണ് നേടാനായത്. 41 റണ്‍സ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. പൂജാരയടക്കമുള്ള സീനിയര്‍ താരങ്ങള്‍ മോശം ഷോട്ടിലൂടെ വിക്കറ്റ് തുലച്ചു. ഇന്ത്യയുടെ ടീം സെലക്ഷന്‍ തീര്‍ത്തും മോശമായിരുന്നെന്നും ടീമില്‍ കെ.എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറും ധവാനും ഒക്കെ വേണമായിരുന്നു എന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.