പന്തിനെ പുറത്താക്കിയതെന്തിന്? തുറന്ന് പറഞ്ഞ് കോഹ്ലി

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ യുവവിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പരിഗണിക്കാതിരുന്നത് ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നല്ലോ. പന്തിന് പകരം മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തികിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്.

കാര്‍ത്തിനെ ലോകകപ്പ് ടീമിലെത്തിച്ചതിന് പിന്നില്‍ നിര്‍ണ്ണായക നീക്കം നടത്തിയത് ഇന്ത്യന്‍ നായന്‍ വിരാട് കോഹ്ലിയാണെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ കാര്‍ത്തികിനെ ടീമിലെടുത്തതിന് വിശദീകരണവുമായി കോഹ്ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തിനേക്കാള്‍ കാര്‍ത്തിക്കിനുള്ള മികവാണ് ടീമിലേക്ക് പരിഗണിക്കാന്‍ കാരണമായി കോഹ്ലി പ്രത്യേകം പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡിലുള്ളവര്‍ക്കും നല്ല ധാരണയുണ്ടായിരുന്നെന്നും കാര്‍ത്തിക്കിന്റെ പരിചയസമ്പത്ത് ടീമിന് വളരെ പ്രധാനപ്പെട്ടതാണെന്നും കോഹ്ലി പറഞ്ഞു.

ഇടയ്ക്കടയ്ക്ക് പരിക്ക് വേട്ടയാടുന്ന ധോണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വിക്കറ്റിന് പിന്നിലുള്ള കാര്‍ത്തിക്കിന്റെ സേവനം ഇന്ത്യയ്ക്ക് വളരെ പ്രധാനമാകും. ഒരു ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനമാണ് കാര്‍ത്തിക്കിന്റേത്. ഇത്തരം കാര്യങ്ങളാണ് സെലക്ഷന്റെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ മുഖവിലയ്‌ക്കെടുത്തതെന്നും കോഹ്ലി പറഞ്ഞു.

ഈ മാസം 30ന് ആണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.