ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും

ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ പോരാട്ടം സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിസിസിഐ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്.

ഐപിഎല്‍ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകള്‍ രൂപീകരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതനുസരിച്ച് ഉത്തരപൂര്‍വ മേഖലകളില്‍ നിന്നുള്ള ടീമുകളായ ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നാകും ഒരു ടീം ഉണ്ടാക്കുക.

ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ടാമത്തെ ടീമിനെയും കണ്ടെത്തും.

ഇതോടെ വിരാട് കോഹ്ലി (റോയല്‍ ചാലഞ്ചേഴ്‌സ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി (ചെന്നൈ സൂപ്പര്‍ കിംഗ്സ്), ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, എ.ബി. ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങള്‍ ഒരേ ടീമില്‍ അണിനിരക്കാന്‍ വഴിയൊരുങ്ങി. ഇവര്‍ക്കു പുറമെ ഷെയ്ന്‍ വാട്‌സന്‍, ജസ്പ്രീത് ഭുംറ, ലസിത് മലിംഗ, റാഷിദ് ഖാന്‍ തുടങ്ങിയവരുമെത്തും. മറുഭാഗത്ത് ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, പാറ്റ് കമിന്‍സ്, ഒയിന്‍ മോര്‍ഗന്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവര്‍ അണിനിരയ്ക്കും.

മത്സരത്തിന്റെ വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് മൂന്ന് ദിവസം മുമ്പാണ് ഈ പോരാട്ടം നടക്കുക.