യുവ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ കോഹ്ലി

Advertisement

ഐപിഎല്ലും ടി20യും എല്ലാം മുഖ്യ ലക്ഷ്യമാക്കി ബാറ്റേന്തുന്ന യുവതാരങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ട്വന്റി 20 പോലുള്ള ചെറിയ കളികള്‍ വിട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നാണ് കോഹ്‌ലിയുടെ ഉപദേശം.

ഡല്‍ഹിയില്‍ നടന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക പരിപാടിയിലാണ് കോഹ്‌ലി യുവതാരങ്ങളുടെ നിലപാടിനോടുള്ള അനിഷ്ടം വ്യക്തമാക്കിയത്.

ക്രിക്കറ്റില്‍ പല ഫോര്‍മാറ്റുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റ് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന യുവ ക്രിക്കറ്റ് താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ലോകത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോള്‍ പ്രതിസന്ധികളുടെ കാലമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കാത്ത സമയമാണ് നിലവിലുള്ളതെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു.

ഇതുവരെ 62 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ 104 ഇന്നിങ്‌സുകളില്‍ നിന്നായി 4975 റണ്‍സാണ് നേടിയിട്ടുള്ളത്. 19 സെഞ്ച്വറികളും അഞ്ച് ഇരട്ട സെഞ്ചുറികളുമാണ് കോഹ്ലി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മാത്രം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2011 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോഹ്ലിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരം.