ഒരു താരം കളിയുടെ ഗതി തിരിക്കുമെന്ന് പ്രതീക്ഷിച്ച് വിരാട്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ച സ്ഥിതിക്ക് ലോര്‍ഡ്‌സിലെ ജയവുമായി പരമ്പരയില്‍ മുന്നിലെത്താനായിരിക്കും ഇരുടീമുകളുടെയും ശ്രമം. അതിനിടെ, ഇന്ത്യക്കുവേണ്ടി മത്സരഗതി തിരിക്കാന്‍ പ്രാപ്തിയുള്ള താരം ആരെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു.

ഭയരഹിതമായ ബാറ്റിംഗിലൂടെ മത്സരത്തിന്റെ ദിശ മാറ്റാന്‍ കഴിവുള്ള താരമാണ് ഋഷഭ് പന്ത്. ആക്രമണോത്സുക ബാറ്റിംഗ് ഋഷഭ് തുടരും. ആ ശൈലിയില്‍ കളിച്ചുകൊണ്ടു തന്നെ സുദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ക്ക് പന്തിന് സാധിക്കും. പ്രതിരോധിച്ച് കളിക്കണമെന്ന് നിര്‍ബന്ധമില്ല- കോഹ്ലി പറഞ്ഞു.

തീര്‍ച്ചയായും ഒന്നാം ടെസ്റ്റിലേതിനു സമാനമായ ഷോട്ടുകള്‍ പന്തിന്റെ ബാറ്റില്‍ നിന്നുണ്ടാവും. കളിയില്‍ രണ്ടു ടീമുകള്‍ക്കും തുല്യ സാധ്യതയുള്ള സമയങ്ങളില്‍ മത്സരഗതി മാറ്റിമറിക്കാന്‍ പന്തിന് സാധിക്കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരങ്ങളില്‍ ഏറ്റവും പ്രതിഭയുള്ളയാളായാണ് പന്ത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മത്സരസാഹചര്യം മനസിലാക്കാതെ വമ്പനടികള്‍ക്ക് ശ്രമിച്ച് പുറത്താകുന്നുവെന്ന പേരുദോഷം പന്തിനുണ്ട്. ആദ്യ ടെസ്റ്റിലും നല്ല തുടക്കത്തിനുശേഷം വലിയ സ്‌കോര്‍ കണ്ടെത്താന്‍ പന്തിന് സാധിച്ചിരുന്നില്ല.