വിജയ് ഹസാരെ ട്രോഫി: കേരളത്തിന്റെ സാദ്ധ്യതകള്‍ ഇനി ഇങ്ങനെ

വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് കളികളില്‍ നിന്ന് നാല് വിജയം നേടാനായെങ്കിലും കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശനം ഇതുവരെ ഉറപ്പായിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം ബിഹാറിനെതിരെ നേടിയ മിന്നും ജയം കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഉണര്‍വ് സമ്മാനിച്ചിട്ടുണ്ട്.

5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റില്‍ ഇവര്‍ക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളും നേരിട്ടു ക്വാര്‍ട്ടറിലെത്തും. പോയിന്റില്‍ മൂന്നാമതുള്ള ഏറ്റവും മികച്ച എലീറ്റ് ടീം, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റര്‍ കളിച്ചു ക്വാര്‍ട്ടറിലെത്തും.

5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശും ക്വാര്‍ട്ടറിലെത്തി. ഇനി 2 ടീമുകള്‍ക്കാണ് എലീറ്റ് ഗ്രൂപ്പില്‍നിന്നു സാദ്ധ്യത.

ഇന്നു ഡല്‍ഹി വന്‍ മാര്‍ജിനില്‍ രാജസ്ഥാനെ തോല്‍പിച്ചാല്‍ അവര്‍ കേരളത്തിനും ബറോഡയ്ക്കും മുന്നിലെത്തി നേരിട്ടു ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. 8ാം സ്ഥാനക്കാരായി കേരളത്തിനു പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി എലിമിനേറ്റര്‍ കളിക്കാം. 5 കളികളില്‍ 16 പോയിന്റുള്ള കേരളത്തിന്റെ നെറ്റ് റണ്‍റേറ്റ് 1.244 ആണ്. ഡല്‍ഹി തോറ്റാല്‍ ബറോഡയ്ക്ക് അവസരം തെളിയും.