വിജയ് ഹസാരെ ട്രോഫി: ടോസ് സര്‍വീസസിന്, കേരളം ബാറ്റ് ചെയ്യുന്നു

വിജയ് ഹസാരെ ട്രോഫിയിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ സര്‍വീസസ് കേരളത്തെ ബാറ്റിങ്ങിന് അയച്ചു. ജയ്പുരിലെ കെ.എല്‍. സെയ്‌നി സ്റ്റേഡിയത്തിലാണ് മത്സരം. 12 ഓവര്‍ പൂര്‍ത്തിയാകുമ്പോല്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എടുത്തിട്ടുണ്ട്.

28 റണ്‍സുമായി റോഹനും 7 റണ്‍സുമായി വിനൂപുമാണ് ക്രീസില്‍. ജലജ് സക്‌സേന (0), മുഹമ്മദ് അസ്ഹറുദ്ദീന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ദിവേഷ് ഗുര്‍ദേവ് പതാനിയ ആണ് രണ്ട് പേരെയും മടക്കിയത്.

സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം എലീറ്റ് ഗ്രൂപ്പ് ഡിയിലെ 5 മത്സരങ്ങളില്‍ നാലും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ കരുത്തരായ മഹാരാഷ്ട്രയെ അടക്കം വീഴ്ത്തിയ കേരളം മധ്യപ്രദേശിനോടു മാത്രമാണു തോറ്റത്.

2012-13 സീസണില്‍ സെമിയിലെത്തിയതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഗഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കര്‍ണാടകയോടു തോറ്റു പുറത്തായിരുന്നു.

കര്‍ണാടകയെ 151 റണ്‍സിനു തകര്‍ത്ത് തമിഴ്‌നാടും ഉത്തര്‍പ്രദേശിനെതിരെ 5 വിക്കറ്റിനു ജയിച്ച് ഹിമാചലും ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന 3-ാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്ര വിദര്‍ഭയെ നേരിടും.