വിജയ് ഹസാരെ ട്രോഫി: തമിഴ്‌നാടും ഹിമാചലും സെമിയില്‍

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടും ഹിമാചല്‍ പ്രദേശും സെമിയില്‍ കടന്നു. 151 റണ്‍സിനാണ് കര്‍ണാടകയെ തകര്‍ത്താണ് തമിഴ്‌നാടിന്റെ സെമി പ്രവേശം. ഉത്തര്‍പ്രദേശിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് ഹിമാചല്‍ സെമിയിലേക്ക് ടിക്കറ്റ് എടുത്തത്.

കര്‍ണാടകയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 354 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 11 ഓവര്‍ ബാക്കിനില്‍ക്കെ 203 റണ്‍സിന് എല്ലാവരും പുറത്തായി.

സെഞ്ചുറി നേടിയ ഓപ്പണര്‍ എന്‍. ജഗദീശനാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. ജഗദീശന്‍ 101 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്തു. വെറും 39 പന്തുകള്‍ മാത്രം നേരിട്ട ഷാരൂഖ് ഖാന്‍ ഏഴു ഫോറും ആറു സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു.

ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം 27 പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഹിമാചല്‍ മറികടന്നത്. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പുറത്തായ ഓപ്പണര്‍ പ്രശാന്ത് ചോപ്രയാണ് ഹിമാചലിന് അനായാസ ജയം സമ്മാനിച്ചത്. 141 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതമാണ് ചോപ്ര 99 റണ്‍സെടുത്തത്. നിഖില്‍ ഗാങ്ത 59 പന്തില്‍ 58 റണ്‍സെടുത്തു.

നാളെ നടക്കുന്ന മൂന്നും നാലും ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കേരളം സര്‍വീസസിനെയും സൗരാഷ്ട്ര വിദര്‍ഭയേയും നേരിടും.