29 പന്തില്‍ 61; വീണ്ടും ബാറ്റിംഗ് വിസ്‌ഫോടനവുമായി സഞ്ജു

വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഫോമിലേക്ക് മടങ്ങി എത്തി സഞ്ജു സാംസണ്‍. റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ സെഞ്ച്വറി പ്രകടനത്തിനൊപ്പം സഞ്ജുവിന്റെ മികച്ച പ്രകടനം കൂടിയായപ്പോള്‍ റെയില്‍വേസിനെതിരെ കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് പടുത്തുയര്‍ത്തി.

29 പന്തില്‍ ആറു ഫോറും നാലു സിക്‌സും ഉള്‍പ്പടെ സഞ്ജു 61 റണ്‍സെടുത്തു. 104 പന്തില്‍ എട്ടു ഫോറും അഞ്ച് സിക്‌സും സഹിതം ഉത്തപ്പ 100 റണ്‍സെടുത്തപ്പോള്‍, 107 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ് അഞ്ച് ഫോറും നാലു സിക്‌സും സഹിതം 107 റണ്‍സുമെടുത്തു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 193 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സച്ചിന്‍ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീന്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. റോജിത്താണ് (4) പുറത്തായ മറ്റൊരു താരം.

റെയില്‍വേസിനായി ക്യാപ്റ്റന്‍ കാണ്‍ ശര്‍മ, പ്രദീപ് പൂജാര്‍ എന്നിവര്‍ രണ്ടും അമിത് മിശ്ര, ശിവം ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 7 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ് റെയില്‍വേസ്. ശ്രീശാന്ത്, ബേസില്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.