സിക്‌സും ഫോറും 22, മൂന്നാം വെടിക്കെട്ട് സെഞ്ച്വറിയുമായി വിഷ്ണു, കേരളത്തിന് തകര്‍പ്പന്‍ ജയം

വിഷ്ണു വിനോദ് സംഹാരതാണ്ഡവമാടിയപ്പോള്‍ വിജയ് ഹസാര ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് കേരളം ആന്ധ്രയെ തകര്‍ത്തത്. ആന്ധ്ര ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

വെടിക്കെട്ട് സെഞ്ച്വറി നേടിയ വിഷ്ണു വിനോദിന്റെ തോളിലേറിയാണ് കേരളം വിജയം കൊയ്തത്. വിഷ്ണു 89 പന്തില്‍ 13 ഫോറും ഒന്‍പത് സിക്‌സും സഹിതം 139 റണ്‍സ് അടിച്ചുകൂട്ടി. വിജയ് ഹസാര ട്രോഫിയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് വിഷ്ണു കണ്ടെത്തിയത്.

അതേസമയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. മൂന്ന് പന്തില്‍ റണ്‍സൊന്നും എടുക്കാതെ സഞ്ജു ഗിരിനാഥ് റെഡ്ഡിയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. റോബിന്‍ ഉത്തപ്പ ഒരു റണ്‍സെടുത്തും പുറത്തായി.

രണ്ടിന് ഒന്ന് എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ വിഷ്ണു ഒറ്റയ്ക്ക് വിജയത്തിലെത്തിക്കുകയായിരുന്നു. സച്ചിന്‍ ബേബി 19 റണ്‍സെടുത്ത് പുറത്തായി. ജലജ് സക്‌സേന 46ഉം രാഹുല്‍ പിപി പൊന്നന്‍ 27ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അന്‍പത് ഓവര്‍ മത്സരത്തില്‍ 39.4 ഓവറിലായിരുന്നു കേരളം വിജയം കൊയ്തത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര റിക്കി ഭായുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് അന്‍പത് ഓവറില്‍ ആറ് വിക്കറ്റിന് 230 റണ്‍സെടുത്തത്. കേരളത്തിനായി ബേസില്‍ തമ്പിയും മിഥുന്‍ സുദീഷനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ സക്‌സേന ഒരു വിക്കറ്റെടുത്തു.

ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് തോല്‍വിയുമായി 12 പോയിന്റാണ് കേരളത്തിനുളളത്. 24 പോയിന്റുമായി കര്‍ണാടകയാണ് പട്ടികയില്‍ ഒന്നാമത്.