നിതീഷും ആസിഫും തകര്‍ത്തെറിഞ്ഞു, കേരളത്തിന് തകര്‍പ്പന്‍ ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 65 റണ്‍സിനാണ് കേരളം ഛത്തീസ്ഗഡിനെ തകര്‍ത്തത്. 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഛത്തീസ്ഗഡ്് 231 റണ്‍സിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയ ആസിഫ് കെഎമ്മും സന്ദീപ് വാര്യരുമാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. ഛത്തീസ്ഗഡിനായി അശുതോഷ് സിംഗും ജീവന്‍ജിത്തും അര്‍ധ സെഞ്ച്വറി നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണര്‍ വിഷ്ണു വിനോദും അര്‍ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 91 പന്തില്‍ അഞ്ച് ഫോറും 11 സിക്‌സും സഹിതമാണ് വിഷ്ണു വിനോദ് 123 റണ്‍സെടുത്തത്.

വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോം തുടരുന്ന വിഷ്ണു വിനോദിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ കര്‍ണാടകയ്‌ക്കെതിരെ വിഷണു 104 റണ്‍സടുത്തിരുന്നു. ഇതിനു പുറമെ ജാര്‍ഖണ്ഡിനെതിരെ അര്‍ധസെഞ്ചുറിയും (56) നേടി. സൗരാഷ്ട്രയ്‌ക്കെതിരെ 41 റണ്‍സെടുത്ത് പുറത്തായി.

ഛത്തീസ്ഗഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ പുറത്തായി. ഒന്‍പതു പന്തില്‍ ആറു റണ്‍സാണ് ഉത്തപ്പ സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദും സഞ്ജും സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടു. ഏഴ് ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സഞ്ജു 17 പന്തില്‍ മൂന്നു ഫോര്‍ സഹിതം 16 റണ്‍സെടുത്ത് പുറത്തായി.

ഇതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് മറ്റൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കൂടി തീര്‍ത്തു. 15.1 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സച്ചിന്‍ 45 പന്തില്‍ നാലു ഫോര്‍ സഹിതം 34 റണ്‍സെടുത്തു. അധികം വൈകാതെ വിഷ്ണു വിനോദ് സെഞ്ച്വറി പിന്നിട്ടു.

പി. രാഹുല്‍ ഒരു റണ്ണുമായി പുറത്തായെങ്കിലും ജലജ് സക്‌സേന (63 പന്തില്‍ 34), മുഹമ്മദ് അസ്ഹറുദ്ദീന്‍ (53 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 56), അക്ഷയ് ചന്ദ്രന്‍ (ഒന്‍പതു പന്തില്‍ രണ്ട് സിക്‌സ് സഹിതം പുറത്താകാതെ 18) എന്നിവര്‍ ചേര്‍ന്ന് കേരള സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. എം.ഡി. നിധീഷ് (0) നിരാശപ്പെടുത്തി. ഛത്തീസ്ഗഡിനായി വീര്‍ പ്രതാപ് സിങ് 10 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സുമിത് റൂയ്കര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ അഞ്ചാം മല്‍സരമാണിത്. ഇതുവരെ കളിച്ച നാലില്‍ മൂന്നു മല്‍സരങ്ങളിലും തോറ്റ കേരളത്തിന് ഹൈദരാബാദിനെതിരെ മാത്രമാണ് ജയിക്കാനായത്.