ഐപിഎല്‍ ലേലത്തിന് ആയിരത്തിലധികം താരങ്ങള്‍

ഐപിഎല്‍ പുതിയ സീസണില്‍ താരലേലത്തില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ആയിരത്തിലധികം താരങ്ങള്‍. 282 വിദേശ താരങ്ങളുള്‍പ്പെടെ 1122 താരങ്ങളാണ് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 281 പേര്‍ വിവിധ ദേശീയ ടീമുകളില്‍ കളിച്ചിട്ടുളളവരാണ്.

ഓസ്‌ട്രേലിയയില്‍ നിന്ന് 58 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവടങ്ങളില്‍നിന്ന് 39 താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും 13 താരങ്ങളുമാണ് താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് രണ്ട് പേരും അമേരിക്കയില്‍ നിന്ന് ഒരാളും താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്,വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, ആസ്ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ലിന്‍, ക്രിസ് ഗെയ്്ല്‍, ഹാഷിം അംല, ക്വിന്റന്‍ ഡീ കോക്ക്, ഗ്ലെന്‍ മാക്സ്വെല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാവും പ്രധാനമായും ലേലത്തില്‍ തിളങ്ങുന്ന വിദേശ താരങ്ങള്‍.

ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുല്‍, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരും താരലേലത്തില്‍ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ മാസം 27, 28 തീയ്യതികളിലായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങളയും നിലനിര്‍ത്തിയിട്ടുണ്ട്.