ബുദ്ധിയും കൂടി ഉപയോഗിക്കൂ..; സൂര്യയെ വീഴ്ത്താന്‍ തന്ത്രമോതി മഖായ എന്‍ഡിനി

ഇന്ത്യയ്ക്കായി മികച്ച ഫോമില്‍ ബാറ്റ് വീശുകയാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. സൂര്യയെ വീഴത്താന്‍ കൈയിലെ ആയുധമെല്ലാം തീര്‍ന്ന മട്ടിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ ശരീരഭാഷ. ഇപ്പോഴിതാ സൂര്യയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പേസര്‍ മഖായ എന്‍ഡിനി.

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല. അവര്‍ക്ക് സൂര്യക്കെതിരേ മികച്ച പദ്ധതികളില്ല. സൂര്യകുമാറിനെ പിടിച്ചുകെട്ടാന്‍ മികച്ച ലങ്ത് കണ്ടെത്തുകയും ആ ലെങ്തില്‍ ഉറച്ചുനില്‍ക്കുകയുമാണ് വേണ്ടത്. ഇത് മാത്രമാണ് അവനെ പിടിച്ചുകെട്ടാനുള്ള ഏക വഴി.

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബോളിംഗ് നിര ഭേദമാണ്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ ലെങ്ത് പ്രശ്നമാണ്. ഇത് ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നു. കൃത്യമായ ലെങ്ത് അവര്‍ കണ്ടെത്തുകയെന്നതാണ് പ്രധാനം-എന്‍ഡിനി പറഞ്ഞു.

ദക്ഷിണാഫ്രിക്കെതിരെ അവസാന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. 22 ബോള്‍ നേരിട്ട സൂര്യ അഞ്ച് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയില്‍ 61 റണ്‍സ് നേടിയിരുന്നു.