ആ തീരുമാനം വന്‍ അബദ്ധം, ആഞ്ഞടിച്ച് പ്രമുഖ അമ്പയര്‍

ലോക കപ്പ് ഫൈനലിലെ അവസാന ഓവറില്‍ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിക്കാനിടയാക്കിയ തീരുമാനത്തിനെതിരെ ക്രിക്കറ്റ് നിയമം രൂപീകരിക്കുന്ന സമിതി അംഗവും മുന്‍ അന്താരാഷ്ട്ര അമ്പയറുമായ സൈമണ്‍ ടോഫല്‍ രംഗത്ത്. ആ തീരുമാനം തെറ്റായിരുന്നെന്നും എം.സി.സി നിയമം നടപ്പാക്കുന്നതില്‍ അമ്പയര്‍മാര്‍ക്ക് പിഴച്ചുവെന്നും ടോഫല്‍ പറഞ്ഞു.

ഏറെ വിവാദത്തിന് വഴിവെച്ചേക്കാവുന്ന ആരോപണമാണ് ടോഫല്‍ നടത്തിയിരിക്കുന്നന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ പാടുളളുവെന്നാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ നിര്‍ണായകമായത് ഈ ഓവര്‍ ത്രോയാണ്. ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്നുപന്തില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തിലായിരുന്നു നാടകീയ സംഭവം. ബെന്‍ സ്റ്റോക്സ് മിഡ് വിക്കറ്റിലേക്കു പായിച്ച പന്ത് മാര്‍ട്ടിന്‍ ഗുപ്ടിലാണ് ഫീല്‍ഡ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ത്രോ നല്‍കിയത്. എന്നാല്‍ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി അപ്രതീക്ഷിതമായി പന്ത് ബൗണ്ടറിയിലേക്കു പോവുകയായിരുന്നു. ഫോറും ഓടിയെടുത്ത രണ്ട് റണ്‍സുമടക്കം ആറ് റണ്‍സാണ് അമ്പയര്‍മാര്‍ നല്‍കിയത്.

ഐ.സി.സി അമ്പയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അഞ്ചുതവണ ലഭിച്ച അമ്പയറാണ് ടോഫല്‍. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളെന്നു വരെ വിശേഷണം ലഭിച്ചയാളാണ് ടോഫല്‍.