ഡല്‍ഹിയില്‍ കളിച്ചു, രണ്ട് ബംഗ്ലാ താരങ്ങളുടെ ആരോഗ്യം മോശമായി

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി20യില്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നല്ലോ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ ബംഗ്ലാദേശ് തകര്‍ത്തത്. എന്നാല്‍ മത്സരം നടന്ന ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രണ്ട് ബംഗ്ലാ താരങ്ങളെ ബാധിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഇപ്പോള്‍ പുറത്തുവരുന്ന വിവര പ്രകാരം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നാണ്. ബംഗ്ലാ ബാറ്റ്സ്മാന്‍ സൗമ്യ സര്‍ക്കാരും മറ്റൊരു താരവുമാണ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത്. മത്സരത്തിനിടെ ഈ രണ്ട് താരങ്ങള്‍ ഛര്‍ദിച്ചുവത്രെ.

അതെസമയം അന്തരീക്ഷ മലിനീകരണം തന്നെ ബാധിച്ചിട്ടില്ലെന്ന് ബംഗ്ലാ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം വ്യക്തമാക്കി.

നേരത്തെ ന്യൂഡല്‍ഹിയിലെ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റത്തതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. കനത്ത അന്തരീക്ഷ മലിനീകരണം മൂലം മത്സരം നടക്കുമോ എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. വിദ്യാലയങ്ങളും കടകളും അടഞ്ഞുതന്നെ കിടന്നിരുന്നു. ഇതിനിടെ ഡല്‍ഹിയില്‍ ആരോഗ്യഅടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇരുടീമുകളും കളിക്കാന്‍ തയ്യാറാവുകയും മത്സരത്തില്‍ ബംഗ്ലാദേശ് ജയിക്കുകയും ചെയ്തു.