പന്തെറിയാന്‍ ബാറ്റിംഗ് പാഡ് കെട്ടി ബുംറ; അത്രയ്ക്ക് തിരക്കോയെന്ന് ആരാധകര്‍

ഇന്ത്യന്‍ പേസര്‍മാരില്‍ ഏറെ അപകടകാരിയാണ് ജസ്പ്രീത് ബുംറ. എന്നാല്‍ അടുത്ത കാലത്തായി ബുംറയുടെ പന്തേറിന്റെ മൂര്‍ച്ച കുറഞ്ഞോയെന്ന് ചിലരെങ്കിലും സന്ദേഹിക്കുന്നു. ആ സംശയം ദൂരീകരിക്കാനുള്ള ശ്രമത്തിലാണ് ബുംറ. ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി പരിശീലനത്തിലുള്ള ബുംറ നെറ്റ്സില്‍ ഒരു അപൂര്‍വ്വ കാഴ്ചയൊരുക്കി.

ബാറ്റിംഗ് പാഡ് കെട്ടിയാണ് ബുംറ നെറ്റ്സില്‍ ബോളിംഗ് പരിശീലിച്ചത്. ബൗള്‍ ചെയ്യുമ്പോള്‍ പാഡ് കെട്ടുന്നത് അസ്വാഭാവികമെന്നു പറയാം. എന്നാല്‍ പാഡ് കെട്ടി വളരെ അനായാസാമാണ് ബുംറയുടെ ബോളിംഗ് പരിശീലനം എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. “ബോള്‍സ്മാന്‍” എന്ന വിശേഷമാണ് ട്വിറ്റര്‍വാസികള്‍ ബുംറയ്ക്ക് നല്‍കുന്നത്.

ടെസ്റ്റില്‍ അരങ്ങേറി വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയുടെ മുന്‍നിര ബോളറായി മാറിയയാളാണ് ബുംറ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ ഇന്ത്യ നേടിയ വിജയങ്ങളില്‍ ബുംറ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇത്തവണത്തെ പരമ്പരയിലും ഇന്ത്യയെ സംബന്ധിച്ച് ബുംറയുടെ പന്തേറ് നിര്‍ണായകമാകും.