ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തി; പ്രശംസിച്ച് ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത ശര്‍ദുല്‍ താക്കൂറിന് ആരാധകരുടെ കൈയടി. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയെ പിന്തള്ളി പ്ലേയിംഗ് ഇലവനിലെത്തിയ ശര്‍ദുല്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് നടത്തിയത്. പ്രധാനപ്പെട്ട രണ്ടു വിക്കറ്റുകള്‍ ശര്‍ദുലിലൂടെ ഇന്ത്യയ്ക്ക് വീഴ്ത്താനായി.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടായിരുന്നു ആദ്യ ഇര. പിന്നാലെ അതേ ഓവറില്‍ തന്നെ ഓലി റോബിന്‍സണെ റണ്ണെടുക്കുന്നതിനു മുമ്പ് ശര്‍ദ്ദുല്‍ ഷമിയുടെ കൈകളിലെത്തിച്ചു. ഇതില്‍ റൂട്ടിന്റെ വിക്കറ്റ് വീഴ്ച മത്സരത്തില്‍ ഏറെ നിര്‍ണായകമായി. 108 ബോളില്‍ 11 ബൗണ്ടറികളോടെ 64 റണ്‍സ് നേടിയ റൂട്ടിനെ ശര്‍ദ്ദുല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

Image

ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് ശര്‍ദ്ദുലിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുന്നത്. വമ്പന്‍ വിക്കറ്റുകള്‍ നേടുകയെന്നത് താരം പാഷനാക്കിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനെല്ലാം പുറമേ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു പകരക്കാരനെ കിട്ടിയെന്നും ആരാധകര്‍ ചൂണ്ട്ിക്കാട്ടുന്നു. ബാറ്റിംഗിലെ തന്റെ കഴിവ് ശര്‍ദുല്‍ നേരത്തെ തെളിയിച്ചതാണ്. അത് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Image

Read more

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി 17 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തിട്ടുണ്ട്.