ട്വന്റി20 ലോക കപ്പിന് ഇന്ന് കൊടിയുയരും; അരങ്ങേറുന്നത് ആദ്യ റൗണ്ട് മത്സരങ്ങള്‍

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിന്റെ ആദ്യ റൗണ്ടിന് ഇന്നു തടുക്കം. ഒന്നാം ദിനത്തില്‍ രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് 3.30ന് ഗ്രൂപ്പ് ബിയില്‍ പാപ്പുവ ന്യൂ ഗിനിയ ഒമാനെയും രാത്രി 7.30ന് ബംഗ്ലാദേശ് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. ഷാര്‍ജ, അബുദാബി, ഒമാനിലെ അല്‍ അമെറത് എന്നിവിടങ്ങളാണ് മത്സര വേദികള്‍.

സൂപ്പര്‍ 12ലെ അവശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് എട്ടു ടീമുകള്‍ പോരടിക്കുന്നത്. ഗ്രൂപ്പ് എയില്‍ ശ്രീലങ്കയും അയര്‍ലന്‍ഡും നെതര്‍ലന്‍ഡ്‌സും നമീബിയയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശും സ്‌കോട്ട്‌ലന്‍ഡും പാപ്പുവ ന്യൂ ഗിനിയയും ഒമാനും മുഖാമുഖം നില്‍ക്കും. രണ്ട് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.

എട്ട് ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇടംപിടിക്കുന്നു. നവംബര്‍ 14നാണ് ടി20 ലോക കപ്പിന്റെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.