ഇന്ത്യന്‍ കോച്ച് ഓസീസ് ഇതിഹാസമോ ? സാധ്യതകളില്‍ മുമ്പന്‍ ഈ താരം

പുതിയ ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിനായി ജൂലൈ 30ന് മുമ്പ് ഇന്ത്യന്‍ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഗ്ലാമറസ് ജോബുകളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ നിരവധി അപേക്ഷകള്‍ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

അതെസമയം ഇന്ത്യന്‍ പരിശീലകനായി വിദേശികളെ പരിഗണിയ്ക്കുകയാണെങ്കില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡിയെയാണ്. മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ടോം മൂഡി 2007 ല്‍ ശ്രീലങ്കന്‍ ദേശീയ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചാണ് കോച്ചിംഗ് രംഗത്ത് ശ്രദ്ധേയനാകുന്നത്.

പി്ന്നീട് നിരവധി ടീമുകളെ പരിശീലിപ്പിച്ച മൂഡി 2013 മുതല്‍ 2019 വരെ ഐപിഎല്‍ ടീമായ സണ്‍ റൈസേഴ്‌സ് കോച്ചായി സേവനം അനുഷ്ഠിച്ചു. നാല് തവണ ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിച്ച മൂഡി 2016 ല്‍ അവര്‍ക്ക് കിരീടവും നേടിക്കൊടുത്തു. 2017 ല്‍ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമായ രംഗ്പൂര്‍ റൈഡേഴ്‌സിന്റെ പരിശീലകനായ മൂഡി അതേ വര്‍ഷം അവരെ ലീഗില്‍ ചാമ്പ്യന്മാരുമാക്കിയിരുന്നു.

ബിസിസിഐ അപേക്ഷ ക്ഷണിച്ചത് പിന്നാലെ മൂഡി സണ്‍റൈസസ് ഹൈദരാബാദ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത് ഇന്ത്യന്‍ കോച്ചാകാന്‍ ലക്ഷ്യം വെച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയിയില്‍ ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.