ഞെട്ടിച്ച് കിവീസ് പേസര്‍, 200 ടെസ്റ്റില്‍ നിന്ന് സച്ചിന്‍ നേടിയ ബാറ്റിംഗ് റെക്കോര്‍ഡിനൊപ്പമെത്തി

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും സ്വന്തമായി സിംഹാസനം തീര്‍ത്ത താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെസ്റ്റില്‍ 51 സെഞ്ച്വറികള്‍ നേടിയിട്ടുളള സച്ചിന്‍ ഏതാണ്ട് എല്ലാ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ശേഷമാണ് വിരമിച്ചത്. എന്നാല്‍ സച്ചിന്റെ ഒരു ബാറ്റിംഗ് റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഒരു പേസ് ബൗളര്‍.

ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സച്ചിന്‍ 200 ടെസ്റ്റുകള്‍ കൊണ്ട് നേടിയ റെക്കോഡിനൊപ്പമാണ് വെറും 66 ടെസ്റ്റില്‍ സൗത്തി എത്തിയിരിക്കുന്നത്.

200 ടെസ്റ്റുകളിലെ 329 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 69 സിക്‌സറുകള്‍ നേടിയത്. ഈ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ സൗത്തി എത്തിയിരിക്കുന്നത്. വെറും 66 ടെസ്റ്റുകളിലെ 96 ഇന്നിങ്‌സുകളില്‍ നിന്നാണ് സൗത്തി ഇത്രയും സിക്സറുകള്‍ അടിച്ചുകൂട്ടിയത്. ശ്രീലങ്കയ്‌ക്കെതിരെ ഗോളില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ധനഞ്ജയ ഡിസില്‍വയ്‌ക്കെതിരെ നേടിയ സിക്‌സോടെയാണ് സൗത്തി സച്ചിനൊപ്പമെത്തിയത്.

സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയെങ്കിലും ടെസ്റ്റില്‍ കൂടുതല്‍ സിക്സ് നേടിയവരുടെ പട്ടികയില്‍ 17-ാം സ്ഥാനത്താണ് സൗത്തി. 176 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 107 സിക്‌സറുകള്‍ നേടിയ മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് മുന്നില്‍. 137 ഇന്നിങ്‌സുകളില്‍ നിന്ന് 100 സിക്‌സറുകള്‍ നേടിയ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്. 104 ടെസ്റ്റിലെ 180 ഇന്നിങ്‌സുകളില്‍ നിന്ന് 91 സിക്‌സറുകള്‍ നേടിയ വീരേന്ദര്‍ സെവാഗാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ മുന്നില്‍.