കോഹ്ലിയും? ഈ മൂന്ന് നായകന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചു

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി. ലോകക്രിക്കറ്റിലെ തന്നെ പ്രബലരായ മൂന്ന് ക്യാപ്റ്റന്മാരെ വാതുവയ്പുകാര്‍ നിരന്തരം സമീപിച്ചിരുന്നുവെന്നാണ് ഐസിസി പറയുന്നത്.

ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ ക്യാപ്റ്റന്മാര്‍ നേരിട്ട് കാര്യം അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ക്യാപ്റ്റന്മാരില്‍ രണ്ടുപേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നാമത്തെയാള്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് എന്നുമാത്രമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദാണ് ആദ്യത്തെയാള്‍. കുറച്ച മാസം മുന്‍പ് യുഎഇയില്‍ ശ്രീലങ്കയെ നേരിടുമ്പോഴാണത്രെ ബുക്കികള്‍ സര്‍ഫറാസിനെ തേടിയെത്തിയത്. വാതുവയ്പുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ച് ഏതാനും ബുക്കികള്‍ തന്നെ തേടിയെത്തിയ വിവരം സര്‍ഫറാസ് തന്നെയാണ് ഐസിസിയെ അറിയിച്ചത്.

സിംബാബ്വെ നായകന്‍ ഗ്രയാം ക്രീമര്‍ ആണ് രണ്ടാമത്തെയാള്‍. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് സിംബാബ്വെ നായകനെ തേടി ബുക്കികള്‍ എത്തിയത്. ക്രീമറും ഈ വിവരം ഉടനെ ഐസിസിയെ അറിയിച്ചു. ഒരു മത്സരത്തില്‍ ഒത്തുകളിക്കുന്നതിന് മൂന്ന് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ബുക്കികള്‍ ക്യാപ്റ്റന്മാര്‍ക്ക് വാഗ്ദാനം ചെയ്തതായാണ് വിവരം.