കോഹ്‌ലി സൂപ്പര്‍ ഹ്യൂമന്‍, ഇന്ത്യയ്ക്ക് ആവശ്യം രഹാനെയെ പോലുള്ള ക്യാപ്റ്റനെ: ശശി തരൂര്‍

ഇന്ത്യക്ക് ആവശ്യം അജിങ്ക്യ രഹാനെയെ പോലുള്ള നായകനെയാണെന്ന് ശശി തരൂര്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിലനിര്‍ത്തിയ രഹാനെയുള്ള നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് സംസാരിക്കവേയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. കോഹ്‌ലി സൂപ്പര്‍ ഹ്യൂമന്‍ ആണെന്നും, രഹാനെ സഹതാരങ്ങളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താരമാണെന്നും തരൂര്‍ പറഞ്ഞു.

“ഈ ടീമിന് ആവശ്യം അജിങ്ക്യ രഹാനെയുടെ ശൈലിയുള്ള നായകനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നു. കോഹ്‌ലിയെ തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത സൂപ്പര്‍ ഹ്യൂമനായാണ് മറ്റുള്ളവര്‍ വിശ്വസിക്കുന്നത്.”

Need To Be Ready With Answers

“ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ കോഹ്‌ലി തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ വളരെ സന്തോഷവാനായിരിക്കും. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയിലും പിതാവ് എന്ന നിലയിലും അവന്റെ ഭാര്യ ഈ സമയത്ത് അവന്റെ സാമീപ്യം അര്‍ഹിക്കുന്നു. അത് നല്‍കാന്‍ അവനും ഉത്തരവാദിത്തമുണ്ട്. അവന്‍ എന്റെ മകനായിരുന്നെങ്കില്‍ പോകാനെ ഞാന്‍ പറയുകയുള്ളു” ശശി തരൂര്‍ പറഞ്ഞു.

1988ന് ശേഷം ഓസ്ട്രേലിയ തോല്‍വി അറിയാത്ത ഗബ്ബയില്‍ ഇന്ത്യന്‍ യുവനിര മൂന്ന് വിക്കറ്റിന്റെ ചരിത്ര ജയം സ്വന്തമാക്കിയാണ് നാല് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാല്‍ രഹാനെയായിരുന്നു ടീമിനെ നയിച്ചത്. പരമ്പര ജയത്തോടെ തന്റെ ചുമതല രഹാനെ ഭംഗിയാക്കുകയും ചെയ്തു.