ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ അത്ഭുത താരം

ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ എക്കാലത്തേയും മികച്ച റെക്കോര്‍ഡുകളിലൊന്ന് മറികടന്ന് അഫ്ഗാനിസ്ഥാന്‍ യുവതാരം. ബ്രാഡ്മാന്റെ ടെസ്റ്റ് ബാറ്റിംഗ് ശരാശരിയായ 99.99 എന്ന മാന്ത്രിക സംഖ്യയാണ് ബാഹിര്‍ ഷാ എന്ന അഫ്ഗാന്‍ യുവതാരം മറികടന്നിരിക്കുന്നത്.

എന്നാലിത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണെന്ന് മാത്രം. ഇതുവരെ കളിച്ച 12 ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 121.77 ആണ് ബാഹിറിന്റെ ബാറ്റിംഗ് ശരാശരി. ബ്രാഡ്മാന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരിയേക്കാള്‍ കൂടുതലാണ് ഈ 18കാരന്റെ ഇപ്പോഴത്തെ ആവറേജ്. 95.14 ആയിരുന്നു ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി.

കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചുതുടങ്ങിയ ബാഹീര്‍ ഇതിനോടകം അഞ്ച് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ച്വറികളും നേടികഴിഞ്ഞു. പുറത്താകാതെ നേടിയ 303 റണ്‍സ് എന്ന നേട്ടമാണ് ബാഹിറിന്റെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ്.

ആദ്യ മത്സരത്തില്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയ ബാഹിര്‍ (256) അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെ ആറാം മത്സരത്തിലാണ് ബാഹിറിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പിറന്നത്.

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഐസിസി അണ്ടര്‍-19 ലോകകപ്പ് കളിക്കുന്ന അഫ്ഗാന്‍ ടീമിന്റെ ഭാഗമാണ് ബാഹിര്‍. ഹാഷിം അംലയാണ് ബാഹിറിന്റെ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോ.