ഇനി ആ കട്ടില് കണ്ട് ആരും പനിച്ച് കിടക്കേണ്ട, മൂന്ന് ഫോര്‍മാറ്റിലും അവര്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുന്നു

ഹാരിസ് മരത്തംകോട്

റിഷാഭ്പന്തിന്റെ ഓരോ പരാജയ ഇന്നിങ്‌സുകളും സോഷ്യല്‍ മീഡിയ ആഘോഷം ആക്കുമ്പോളും എന്റെ ഒരു സുഹൃത്ത് പറയുന്നൊരു കാര്യം ഉണ്ട്.. ‘നിങ്ങളെത്ര ചെറി വാരി എറിഞ്ഞാലും അടുത്ത ഇന്ത്യന്‍ ടീമിലെ X Factor ആണ് പന്ത്.. ഒരു വലിയ Big Thing’ എന്ന്.. അന്ന് ഇങ്ങേര് എന്ത് തേങ്ങയാണ് പറയുന്നത് എന്ന് നിങ്ങളില്‍ പലരെപോലെ എനിക്കും തോന്നിയിട്ടുണ്ട്..

നിരവധി സൂപ്പര്‍ ഡ്യൂപ്പര്‍ താരങ്ങള്‍ അണി നിരക്കുന്ന ഈ ടീമില്‍ ഒരു സപ്പോര്‍ട്ടിങ് റോള്‍ കളിക്കാന്‍ വരണ ഇവനെങ്ങനെയാ അടുത്ത ബിഗ് തിങ് ആവുന്നതെന്ന് എങ്ങനെ ആലോചിച്ചിട്ടും മനസ്സിലായതേ ഇല്ല.. അന്നാണേല്‍ വില്ലന്മാരുടെ ഇടി കൊണ്ട് ഓടാനേ ഇവന് നേരം ഉള്ളൂ താനും.. അതിനിടയില്‍ ടെസ്റ്റില്‍ കുറച്ച് നല്ല വേഷങ്ങള്‍ ചെയ്ത് കുറച്ച് പ്രേഷക പ്രശംസ ഒക്കെ നേടി അവന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടാകാതെ നോക്കി എന്ന് മാത്രം..

അപ്പോളും ഷോര്‍ട്ട് ഫോര്‍മാറ്റില്‍ ഇവന്റെ റോള്‍ ഒരു ത്രിശങ്കുവില്‍ തന്നെ ആയിരുന്നു.. എന്നാല്‍ ഇന്നത്തെ കളി കണ്ടതോടെ ആ മഹാന്‍ പറഞ്ഞ കാര്യം ഏകദേശം മനസ്സിലായി.. സംഗതി അങ്ങേരുടെ എഴുത്ത് കണ്ട് ഇത്തിരി കുശുമ്പ് ഒക്കെ ഉള്ള കൂട്ടത്തിലാണ് ഞാനെങ്കിലും ,ഈ പറഞ്ഞതില്‍ ചില കാര്യം ഉണ്ടെന്ന് മനസ്സിലായതോടെ ആ കുശുമ്പ് കുറച്ച് കാലത്തേക്ക് മാറ്റി വെച്ച് അങ്ങേരോട് ശിഷ്യപ്പെടാന്‍ തീരുമാനിച്ചു.. ബോള് ബാറ്റിലോട്ട് വരുന്ന 350-400 റണ്‍സ് പിറക്കുന്ന പിച്ചുകളില്‍ ആര്‍ക്കും കളിക്കാം.. അതില്‍ ഈ x factor ന്റെ ആവശ്യം ഇല്ല..

എന്നാല്‍ തുടക്കം സ്വിങുമായി പൊരുത്തപ്പെടാനാവാതെ കെറുവിച്ച് ഔട്ടായി പവലിയനിലേക്ക് മടങ്ങുന്ന മുന്‍നിരക്ക് പിറകില്‍ അതേ സ്വിങിനെ അണ്‍ നാച്ചുറല്‍ ആയ ഷോട്ടുകളിലൂടെ, ഡിഫന്‍സിലൂടെ മുന്നോട്ട് കൊണ്ട് പോയി ബ്രൂട്ടലായി കളി ഫിനിഷ് ചെയ്യാന്‍ ഈ സ്‌പെഷ്യല്‍ X Factor നെ ആവശ്യം ആണ്.. അവിടെ ആണ് ഒന്നിന് പകരം രണ്ട് X Factors ഇന്ത്യന്‍ ടീമില്‍ .. ഹര്‍ദ്ദിക്കും പന്തും.. ഇവര്‍ക്കെതിരെ ഇംഗ്ലണ്ട് ബൗളേഴ്‌സ് ക്ലൂ ഇല്ലാതെ നട്ടം തിരിയുന്നത് നാം കണ്ടു..

രണ്ടാം ഏകദിനത്തില്‍ ഇതേ സിറ്റുവേഷനില്‍ ഇവര്‍ പരാജയപ്പെട്ടു, നമ്മള്‍ 100 റണ്‍സിന് തോറ്റു.. അതേ ടീമിനെതിരെ അതിലും കൂടുതല്‍ റണ്‍സ് ഇവര്‍ ചെയ്‌സും ചെയ്തു.. ഇതാണ് ഈ പറഞ്ഞ X factor.. അത് തന്നെ ആണ് ഈ പറഞ്ഞ X Factor.. എല്ലാ കളിയിലും ഫിഫ്റ്റിയും സെഞ്ച്വറിയും അടിക്കലല്ല ഇവരുടെ ജോലി.. ടീമിന്റെ ഓരോ അവസ്ഥയിലും അവരവരുടെ ഡ്യൂട്ടി മാറി കൊണ്ടിരിക്കും.. ഇന്നത്തെ പോലെ സ്ലോ പേസില്‍ ബാറ്റ് ചെയ്യണ പന്തിനെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ?

ഒരെന്റില്‍ ഹര്‍ദ്ദിക്ക് മുന്നേറുമ്പോള്‍ മറു എന്റില്‍ ശാന്തനായ പന്ത്.. റിക്വയേര്‍ഡ് റണ്‍ റേറ്റ് അഞ്ചിന് മുകളില്‍ കടക്കുമ്പോള്‍ ഓരോ ബൗണ്ടറി അടിക്കുന്ന പന്ത്.. ആരെ അടിക്കണം, ആരെ വെറുതെ വിടണം എന്ന് പന്തിന് പറഞ്ഞ് കൊടുക്കുന്ന പാണ്ഡ്യ.. കഴിഞ്ഞ ദിവസത്തെ കളി ഇവിടെ വിടാം.. ഈ ഒരു കളി കൊണ്ട് അവരെ പൊക്കി പറയുന്നതില്‍ അര്‍ത്ഥമില്ല, അവര്‍ തുടര്‍ന്നും ഇത് പോലെ കളിച്ചാല്‍ അന്ന് ബാക്കി പറയാം..

ഞാന്‍ നമ്മുടെ എക്കാലത്തേയും ആയ ഒരു നഷ്ടത്തിലേക്ക് ഒന്ന് പോയി വരാം.. അന്ന് ലോകകപ്പ് സെമിയില്‍ ന്യൂസിലാണ്ടിനെതിരെ ഏതാണ്ട് ഇതേ സിറ്റുവേഷനില്‍ പന്തും ഹര്‍ദ്ദിക്കും കൂടി ഏതാണ്ട് ഇതേ പോലെ ഒരു പാര്‍ട്ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്തതായിരുന്നു.. മൂന്ന് വര്‍ഷം മുമ്പ്, ഇവര്‍ക്ക് ഈ പക്വത ഉണ്ടായിരുന്നു എങ്കില്‍, ഒരു പക്ഷെ ആ ട്രോഫി ഇന്ന് BCCI ഷെല്‍ഫില്‍ ഇരുന്നേനെ..
അന്ന് പാക്കിസ്ഥാനെ പുറത്താക്കാനും ഇംഗ്ലണ്ടിനെ സെമിയില്‍ കേറ്റാനും ഇംഗ്ലണ്ടിനെതിരായ കളി ധോണിയും കേദാര്‍ ജാദവും ജയിക്കാന്‍ ശ്രമിക്കാതെ തോല്‍വിയുടെ കാഠിന്യം കുറച്ചതിന്റെ ഫലം.. കപ്പ് ECB ഷെല്‍ഫിലെത്തി എന്നത് ചരിത്രം..

നമുക്കിനി സ്വപ്നം കണ്ട് തുടങ്ങാം.. ഫോമിലില്ലാത്തവരെ ഇനിയും ചുമക്കണോ എന്ന് രണ്ടാവര്‍ത്തി ചിന്തിക്കാം.. സഞ്ജുവിന് ടോപ്പ് ത്രിയിലെ ഒരു സ്ഥാനം നല്‍കാം.. ഇല്ലേല്‍ ഹൂഡ.. ബാക്കി എല്ലാം സെറ്റ്.. ആദ്യം T20,പിന്നെ ഏകദിന ലോകകപ്പുകള്‍.. അതിനിനി ആരും അവകാശം ഉന്നയിക്കരുത്.. അതിനിടയില്‍ ഐപിഎല്ലിന്റെ ഷെഡ്യൂള്‍ കയറി വരാതിരുന്നാല്‍ മതിയാര്‍ന്നു.. ഇല്ലേല്‍ BCCI ഫൈനല്‍ അടുത്തവര്‍ഷം കളിക്കാം, ഇപ്പോ ഐപിഎല്‍ നടക്കട്ടേ എന്നും പറഞ്ഞ് ടീമിനെ തിരിച്ചു വിളിക്കും..

ഏതോ സിനിമയില്‍ ആരോ പറഞ്ഞത് പോലെ, ‘പൊളി ശരത്തേ! ട്രാക്ക് മാറ്റ്! അതെ, കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈന്‍ നിഗം പറഞ്ഞ പോലെ പന്തും പാണ്ഡ്യയും ട്രാക്ക് മാറ്റിയിരിക്കയാണ്.. മൂന്ന് ഫോര്‍മാറ്റിലും തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.. ഇനി ആ കട്ടില് കണ്ട് ആരും പനിച്ച് കിടക്കേണ്ട.. എന്നര്‍ത്ഥം!

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7