രോഹിത് എന്ന ക്യാപ്റ്റനെ ഇഷ്ടപ്പെടാനും കോഹ്‌ലിയെ ഇഷ്ടപ്പെടാതിരിക്കാനും കാര്‍ത്തിക്ക് പറഞ്ഞ ഈ കാര്യങ്ങള്‍ തന്നെ ധാരാളം

മുഹമ്മദ് ഷാനില്‍

ദിനേശ് കാര്‍ത്തിക്ക്: ”എന്റെ പ്രകടനത്തിന്റെ ക്രെഡിറ്റിന്റെ ഒരു വലിയ പങ്കും രോഹിത്തിനും ദ്രാവിഡിനും അവകാശപ്പെട്ടതാണ്. അവര്‍ അത്രയും മികച്ച രീതിയിലാണ് ഈ സെറ്റപ്പ് കൊണ്ടുപോകുന്നത്. നല്ല സമാധാനമാണ്. ഞാന്‍ ഇത് വളരെയധികം ആസ്വദിക്കുന്നുണ്ട്.”

“മുന്നത്തെക്കാള്‍ വളരെ അധികം വ്യത്യാസമുണ്ട് ഇപ്പോഴത്തെ ടീം അന്തരീക്ഷം. അത് എന്റെ പ്രകടനങ്ങളിലും നിഴലിക്കുന്നു. ഞാന്‍ മോശമായി കളിച്ചാലും അവര്‍ക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റമില്ല.”

രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനെ ഞാന്‍ ഇഷ്ടപ്പെടാനും വിരാട് കോഹ്ലി എന്ന ക്യാപ്റ്റനോട് അധികം താല്പര്യമില്ലാത്തതും കാര്‍ത്തിക്ക് ഈ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെയാണ്. ഐപില്‍ ഉള്‍പ്പടെ 10 വര്‍ഷത്തോളം ക്രിക്കറ്റ് ടീമുകളെ നയിച്ച കോഹ്ലിയെ കുറിച്ച് ഇങ്ങനെ പറയുന്ന കളിക്കാര്‍ വളരെ കുറവായിരിക്കും എന്നത് യാഥാര്‍ഥ്യമാണ്.

വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുണ്ടായിരുന്ന 2019 ലോക കപ്പ് സെമി തോല്‍വിയെ കുറിച്ച് ഇതേ കാര്‍ത്തിക്ക് പറഞ്ഞത് ഒന്ന് കൂടി ഓര്‍ത്തെടുക്കാം. ‘എന്റെ ബാറ്റിംഗ് പൊസിഷന്‍ no.7 ആണെന്ന് ആദ്യം തന്നെ ടീം മാനേജ്മന്റ് പറഞ്ഞിരുന്നു. സെമി ഫൈനലില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ഞാന്‍ ഷോര്‍ട്ട് ഇട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് അഞ്ചാമതായി ഞാന്‍ ഇറങ്ങണമെന്ന് പറഞ്ഞത്. എനിക്കതൊരു ഞെട്ടലായിരുന്നു. എനിക്കപ്പോള്‍ ഒന്നും പറയാനും തോന്നിയില്ല.” ആ മത്സരത്തിന് ശേഷം ഒരു ഏകദിനം കളിക്കാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞിട്ടില്ല.

ഈ സീസണില്‍ RCBക്ക് വേണ്ടി കത്തിക്കേറിയ അതേ കാര്‍ത്തിക്ക് 2015ല്‍ കോഹ്ലിയുടെ കീഴിലും കളിച്ചപ്പോഴുള്ള അവസ്ഥയും താരതമ്യം ചെയ്യുമ്പോള്‍ പല പൊരുളും മനസിലാക്കാം. പറഞ്ഞു വരുന്നത് രോഹിത് എന്ന ക്യാപ്റ്റനെ സമകാലീനരായ മറ്റു ക്യാപ്റ്റന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഇതൊക്കെയാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍