ബാംഗ്ലൂരിന്റെ ട്രോഫി ക്യാബിനറ്റ് പോലെ മാറ്റമില്ലാത്തതായി ഒന്നുമില്ല, ടീമിന് പൊങ്കാലയിട്ട് ആരാധകർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) വളരെയധികം പ്രതീക്ഷകൾ കാണിച്ചിട്ട് അവസാനം പടിക്കൽ കലമുടച്ചു എന്ന് പറയാം. വെള്ളിയാഴ്ച (മെയ് 27) അഹമ്മദാബാദിൽ ജോസ് ബട്ട്‌ലറുടെ 106*(60) തകർപ്പൻ ബാറ്റിംഗ് രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ചു.

കളിയുടെ ഒരു ഘട്ടത്തിലും ബാംഗ്ലൂർ രാജസ്ഥാന് മുകളിൽ ആധിപത്യം നേടിയില്ല. ടോസ് തോറ്റപ്പോൾ തന്നെ ബാംഗ്ലൂർ കളി പരാജയപെട്ടു എന്നുപറയാം. ഫ്ലാറ്റ് പിച്ചിൽ പ്രസീദ് കൃഷ്ണ നിറഞ്ഞാടിയപ്പോൾ ബാംഗ്ലൂരിന് മറുപടി ഉണ്ടായിരുന്നില്ല.

വർഷങ്ങളായി കിരീടമില്ലാത്ത ബാംഗ്ലൂർ ഈ സീസണിൽ എങ്കിലും ജയിക്കുമെന്ന് വിചാരിച്ച ആരാധകർ നിരാശരായി. താരങ്ങൾ മാറിയെങ്കിൽ എന്താ ബാംഗ്ലൂർ പഴയ ബാംഗ്ലൂർ തന്നെ തുടങ്ങിയ ട്രോളുകളാണ് നിറയുന്നത്.

2008ൽ കന്നി ഐപിഎലിൽ കിരീടം നേടിയ ശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടക്കുന്നത്. സീസണിലെ നാലാം സെഞ്ചറിയാണ് ബട്‌ലർ കുറിച്ചത്. ഐപിഎലിലെ ഒരു സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടിയ താരമെന്ന കോലിയുടെ റെക്കോർഡിനൊപ്പവും ബട്‌ലർ എത്തി. 2016ലായിരുന്നു കോലിയുടെ നേട്ടം.

എന്തായാലും ട്രോൾ പൊങ്കാലയാണ് ബാംഗ്ലൂർ നേരിടുന്നത്.