'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്'; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍

ഇന്ത്യയുടെ ഓഫ് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഭാജി വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്. ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയ കളിയോട് ഞാന്‍ ഇന്ന് വിടപറയുന്നു. 23 വര്‍ഷം നീണ്ട ഈ യാത്രയെ മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയുന്നു. ഹൃദയം നിറഞ്ഞ നന്ദി- ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് പിഴുത നാലാമത്തെ ബോളറാണ് ഹര്‍ഭജന്‍. ഒരു ഇന്ത്യക്കാരന്റെ ആദ്യ ടെസ്റ്റ് ഹാട്രിക്കും ഭാജിയുടെ വകയായിരുന്നു.

ടെസ്റ്റില്‍ 417ഉം ഏകദിനത്തില്‍ 269ഉം ടി20യില്‍ 25 വീതം വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കിരീട ജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ള ഹര്‍ഭജന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുടെയും ഭാഗമായിരുന്നു.