ഇന്ത്യൻ ടീമിന് നിരാശ വാർത്ത. പരിക്കിന്റെ ബുദ്ധിമുട്ടിൽ നിന്ന് തിച്ചെത്തുന്ന മുഹമ്മദ് ഷമി മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് എതിരെ കളിക്കില്ല. Cricbuzz-ലെ റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ബൗളർക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (NCA) അനുമതി ഇനിയും ലഭിച്ചിട്ടില്ലെന്നാണ് പുതിയ വാർത്ത. വരാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി 2024-25 ന് മുഹമ്മദ് ഷമിയുടെ മടങ്ങിവരവ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ബിസിസിഐയുടെ ബെംഗളൂരു ആസ്ഥാനമായുള്ള സെൻ്റർ ഓഫ് എക്‌സലൻസിൻ്റെ സ്‌പോർട്‌സ് സയൻസ് വിഭാഗം ഇതുവരെ വ്യക്തമായ റിപ്പോർട്ട് ബിസിസിഐക്ക് സമർപ്പിച്ചിട്ടില്ല.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) കളിക്കുന്ന മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാൻ അടുത്തിടെ എൻസിഎയിൽ നിന്നുള്ള ഒരു ടീം രാജ്‌കോട്ടിൽ പോയിരുന്നു. ടീമിൽ ഒരു ദേശീയ സെലക്ടർ (എസ്എസ് ദാസ്), ബിസിസിഐയുടെ സ്പോർട്സ് സയൻസ് വിംഗിൻ്റെ തലവൻ (നിതിൻ പട്ടേൽ), ഒരു സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ (നിഷാന്ത് ബർദുലെ) എന്നിവരും ഉൾപ്പെടുന്നു.
യഥാക്രമം മെൽബണിലും സിഡ്‌നിയിലും നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി 2024-25ലെ അവസാന രണ്ട് മത്സരങ്ങളിൽ മുഹമ്മദ് ഷമി ലഭ്യമായേക്കുമെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു. ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ താരം ഓസ്‌ട്രേലിയയിലേക്ക് പറക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയുമായി ബന്ധപ്പെട്ട് ഇതുവരെ അനുകൂലമായ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം ബുംറ, സിറാജ് എന്നിവർ കഴിഞ്ഞാൽ നല്ല ഒരു പേസർ ഇല്ലാത്ത ഇന്ത്യക്ക് ഷമിയുടെ വരവ് ഗുണം ചെയ്യുമായിരുന്നു.