പോരാട്ടവീര്യങ്ങളിലൂടെ ചിലപ്പോള്‍ എതിരാളികളെ വീഴ്ത്തിയും, മറ്റ് ചിലപ്പോള്‍ ഇത് പോലെ എതിരാളികളെ ഞെട്ടിക്കുകയുമൊക്കെയായിരുന്നു അവരുടെ ഹോബീസ്

 

ഷമീല്‍ സലാഹ്

2001ല്‍ പെര്‍ത്തിലെ വാക്കയില്‍ വെച്ച് നടന്ന, കാള്‍ട്ടണ്‍ സീരീസ് ടൂര്‍ണമെന്റിലെ അവസാന ലീഗ് മാച്ചിലൂടെ ഏകദിന മത്സരങ്ങളിലെ തന്നെ വളരെ ആവേശകരമായ ഒരു മത്സരം നടക്കുകയുണ്ടായി.. ആഥിധേയരായ ഓസ്‌ട്രേലിയയും, സിംബാബ്വെയും തമ്മിലുള്ളതായിരുന്നു ആ മത്സരം.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി, ഓപ്പണിങ്ങില്‍ ഇറങ്ങിയ ഡാമിയന്‍ മാര്‍ട്ടിന്‍ നേടിയ ഒരു തകര്‍പ്പന്‍ സെഞ്ച്വറി (144) കരുത്തില്‍ സിംബാബ്വെക്ക് മുന്നില്‍ ആഥിധേയര്‍ വെച്ച് നീട്ടിയത് 303 റണ്‍സിന്റെ വന്‍ വിജയ ലക്ഷ്യം ..! സീം ട്രാക്കില്‍ ഗ്ലൈന്‍ മഗ്രാത്ത്, ഡാമിയന്‍ ഫ്‌ലമിങ്, ബ്രെറ്റ് ലീ, നാഥാന്‍ ബ്രാക്കന്‍ & ഇയാന്‍ ഹാര്‍വി എന്നീ കരുത്തുറ്റ ഓസീസ് ബൗളിങ് നിരക്കെതിരെ, വലിയൊരു വിജയ ലക്ഷ്യം മുന്നില്‍ നില്‍ക്കെ സിംബാബ്വെ എത്രത്തോളം പിടിച്ച് നില്‍ക്കുമെന്നതായിരിക്കും ഇനിയുള്ള മത്സരം..? കളിയുടെ രണ്ടാം പകുതിയിലേക്ക്.

മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെക്ക് ആദ്യ ഓവറില്‍ തന്നെ, പൂജ്യനായി ഗവിന്‍ റെന്നിയെ മടക്കിയയച്ച് കൊണ്ട് മഗ്രാത്ത് ആദ്യ പ്രഹരവുമേല്‍പ്പിച്ചു.ഒരു തകര്‍ച്ചക്കുളള തുടക്കം തന്നെയാവുമോ.?? എന്നാല്‍ അല്ല..! ആ തിരിച്ചടിയെയും, ഓസീസ് ബൗളര്‍മാരെയും വകവെക്കാതെ ബാറ്റ് വീശാന്‍ തുടങ്ങിയ,, മുന്‍ മത്സരത്തില്‍ ഹൊബാര്‍ട്ടില്‍ വെച്ച് ഇതേ ഓസ്‌ട്രേലിയക്കെതിരെ തന്നെ സെഞ്ച്വറി & പ്ലയര്‍ ഓഫ് ദി മാച്ച്.., മുന്‍ ക്യാപ്റ്റനും സ്‌റ്റൈലിഷ് ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററുമായ അലിസ്റ്റര്‍ ക്യാംപലും, വണ്‍ – ഡൗണില്‍ ഇറങ്ങിയ സ്റ്റുവര്‍ട്ട് കാര്‍ലൈസും റണ്‍സുകള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ സിംബാബ്വെയുടെ ഭാഗത്ത് നിന്നും ഒരു പോരാട്ട വീര്യം കണ്ടു തുടങ്ങി…

റണ്‍സുകള്‍ കണ്ടെത്തിക്കൊണ്ട് തന്നെ സിംബാബ്വെന്‍ ഇന്നിങ്ങ്‌സ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടെ, അല്പ ഓവറുകളുടെ ഇടവേളകള്‍ക്കിടെ അലിസ്റ്റര്‍ ക്യാംപലും (27), തുടര്‍ന്നെത്തിയ അക്കാലങ്ങളിലെ സിംബാബ്വെയുടെ സര്‍വ്വ ബാറ്റിങ്ങ് പ്രതീക്ഷകളും പേറുന്ന ആന്‍ഡി ഫ്‌ലെവറും (24) പുറത്തായതോടെ, 19 -മത്തെ ഓവര്‍ പുരോഗമിക്കുമ്പോള്‍ 91ന് 3 വിക്കറ്റ് എന്ന നിലയില്‍ സിംബാബ്വെ. മത്സരം ഏതാണ്ട് അവസാനിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സന്ദര്‍ഭം ….. എന്നാല്‍ …., പിന്നീടങ്ങോട്ട് മത്സരത്തിന്റെ തുടര്‍ന്നുള്ള മുപ്പത് ഓവറുകളോളം വാക്കയില്‍ കണ്ടത് സിംബാബ്വെയില്‍ നിന്നുമുളള പോരാട്ട വീര്യത്തിന്റെ മറ്റൊരു നേര്‍ രൂപമാണ് …. ഏകദിന മത്സരങ്ങളിലെ തന്നെ ഒരു അണ്ടര്‍ റേറ്റഡ് പാര്‍ട്ണര്‍ഷിപ്പ് !

സ്റ്റുവര്‍ട്ട് കാര്‍ലൈസും – ഓപ്പണിങ്ങില്‍ നിന്നും അഞ്ചമനായി ഇറങ്ങിയ ഗ്രാന്റ് ഫ്‌ലെവറും തമ്മിലായിരുന്നു ആ കൂട്ട്‌കെട്ട് ! ഓസീസ് ബൗളിങ്ങിനെ തെല്ലും വില കല്‍പ്പിക്കാതെ നാല് പാടും റണ്‍സുകള്‍ കണ്ടെത്തിക്കൊണ്ട് ഇരുവരും ബാറ്റ് ചെയ്തപ്പോള്‍ വാക്കയില്‍ പിറന്നത് 174 പന്തുകളില്‍ നിന്നും 187 റണ്‍സിന്റെ അത്യുജ്വല കൂട്ട്‌കെട്ട് ! ഇരുവരില്‍ നിന്നും ഏറെ തല്ല് വാങ്ങിയതാവട്ടെ മത്സരത്തില്‍ മൊത്തം 8 ഓവറുകളില്‍ നിന്നുമായി 72 റണ്‍സുകള്‍ വഴങ്ങിയ പ്രൈം ബ്രെറ്റ് ലീയും. 15 പന്തുകളില്‍ 25 റണ്‍സും, ഒപ്പം 6 വിക്കറ്റുകളും കയ്യിലിരിക്കെ ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സിംബാബ്വെ.. എന്നാല്‍ .. 48- മത്തെ പുരോഗമിക്കുന്നതിനിടെ ആ കൂട്ട്‌കെട്ടും, ആഥിധേയര്‍ക്ക് ഒരു ബ്രേക്ക് ത്രൂവും നല്‍കി കൊണ്ട് , ഒരു ക്ലാസിക് സെഞ്ച്വറിയുമായി (119) കളം വാണ സ്റ്റുവര്‍ട്ട് കാര്‍ലൈസിനെ മാര്‍ക്ക് വോയുടെ കൈകളിലെത്തിച്ച് മഗ്രാത്തിന്റെ ഒരു തിരിച്ചു വരവ്..

തുടന്ന്, ഇയാന്‍ ഹാര്‍വി എറിഞ്ഞ 49 – മത്തെ ഓവറിന്റെ അവസാന രണ്ട് പന്തുകളിലായി ആദ്യം ഗ്രാന്റ് ഫ്‌ലെവറിനെ ഒരു റണ്ണൗട്ടിലൂടെയും, അവസാന പന്തില്‍ ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്റര്‍ ബാറ്റ്‌സ്മാനുമായ ഹീത്ത് സ്ട്രീക്കിനെ (9) ഒരു ഉഗ്രന്‍ ഡൈവിങ്ങ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി വിടുകയും കൂടി ചെയ്തപ്പോള്‍ ഏതാണ്ട് മത്സരവും അവസാനിച്ചു !
നാല് വിക്കറ്റുകള്‍ കയ്യിലുണ്ടങ്കിലും സിംബാബ്വെയുടെ ഭാഗത്ത് നിന്നും ഇനിയൊരു ബാറ്റിങ്ങ് ആക്രമണത്തിന് സാധ്യതയില്ലെന്നിരിക്കെ, ഒരു ചടങ്ങിനെന്നോണം അവസാന ഓവര്‍ എറിയാന്‍ വിശ്വസ്തനായ

മഗ്രാത്ത് എത്തുമ്പോള്‍ സിംബാബ്വെക്ക് വേണ്ടത് 6 പന്തില്‍ 15 റണ്‍സ്! ദെ, കളിയില്‍ വീണ്ടും ട്വിസ്റ്റ്..! ക്രീസിലുളള ബാറ്റ്‌സ്മാന്‍ ഒരു ലോ ഫുള്‍ ടോസ് എറിഞ്ഞ മഗ്രാത്തിന്റെ ആദ്യ പന്ത് തന്നെ അത് വരെ കണ്ട് പരിചിതമല്ലാത്ത ഒരു ഷോട്ടിലൂടെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയിലേക്ക് ….. സ്‌കൂപ്പ് ഷോട്ടെന്ന രീതിയില്‍ അവിടെ പരിചയപ്പെടുത്തിയ ആ ബാറ്റ്‌സ്മാന്റെ പേര് ഡഗ്ലസ് മരിലിയര്‍ …!
അടുത്ത പന്തില്‍ ഒരു ഡബിള്‍ ….

മൂന്നാം പന്തില്‍ മഗ്രാത്തിനെ ഞെട്ടിച്ചും, കാണികളുടെ മനം കവര്‍ന്നും അതുപോലൊരു മറ്റൊരു ലോ ഫുള്‍ ടോസില്‍ മറ്റൊരു സ്‌കൂപ് ഷോട്ടുമായി ബൗണ്ടറിയിലേക്കയച്ച് വീണ്ടും ഡഗ്ലസ് മരിലിയര്‍. കരുത്തരായ ഓസീസ് നിരക്കെതിരെ അവിശ്വസനീയമായ ഒരു വിജയത്തിലേത്താന്‍ സിംബാബ്വെക്ക് ഇനി വേണ്ടത് 3 പന്തില്‍ 5 റണ്‍സ്! പക്ഷെ.. പിന്നീട് വിവേകപൂര്‍വ്വം പന്തെറിയാന്‍ തീരുമാനിച്ച മഗ്രാത്തിന്റെ നാലാം പന്തില്‍ മരിലിയറിന്റെ ബാറ്റില്‍ നിന്നും വന്നത് ഒരു സിംഗിള്‍ മാത്രം…

അഞ്ചാം പന്തില്‍ പങ്കാളിയായ ഡിര്‍ക് വില്‍ജോയന്‍ നേടിയ സിംഗിളിലൂടെ …, അവസാന പന്തില്‍ വീണ്ടും സ്‌ട്രൈക്ക് എടുക്കാന്‍ നിയോഗിക്കപ്പെട്ട മരിലിയര്‍….. അവസാന പന്തിലൂടെ സിംബാബ്വെക്ക് വിജയിക്കാനായി ഇനി വേണ്ടത് 3 റണ്‍സ്! അവസാന പന്തെറിഞ്ഞ മഗ്രാത്തിനെതിരെ അല്പം ക്രീസ് വിട്ടിറങ്ങി ശക്തമായി ബാറ്റ് വീശുന്ന മരിലിയര്‍ ….. എന്നാലോ.., ബാറ്റിന്റെ എഡ്ജില്‍ കൊണ്ട പന്ത് ഉരുണ്ട് നിന്നത് സ്റ്റമ്പിന് അടുത്തായി ഗില്‍ക്രിസ്റ്റിന് മുന്നിലും …..

കേവലം 1 റണ്‍സ് മാത്രം ഓടിയെടുക്കാനായപ്പോള്‍ സിംബാബ്വെക്ക് മത്സരമൊടുക്കം വിധിച്ചത് 1 റണ്‍സിന്റെ തോല്‍വിയും …! ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ നിരാശനായി മൈതാനത്ത് തലയും താഴ്ത്തിയിരിക്കുന്ന മരിലിയര്‍ ….. എങ്കിലും, വെസ്റ്റ് ഇന്‍ഡീസ് കൂടി ഉള്‍പ്പെട്ട ആ ടൂര്‍ണമെന്റില്‍ ഫൈനലിലേക്ക് എത്താന്‍ സിംബാബ്വെക്ക് സാധിച്ചില്ലെങ്കിലും,, ഓസീസ് കാണികളുടെ കയ്യടികള്‍ ഏറ്റുവാങ്ങിയാണ് കാര്‍ലൈസും, ഫ്‌ലെവറും, മരിലിയറുമൊക്കെ അന്ന് വാക്കയില്‍ നിന്നും മടങ്ങിയത്.

ഇത് പോലുളള പോരാട്ട വീര്യങ്ങളിലൂടെ ചിലപ്പോള്‍ എതിരാളികളെ വീഴ്ത്തിയും, മറ്റ് ചിലപ്പോള്‍ ഇത് പോലെ എതിരാളികളെ ഞെട്ടിച്ചുമൊക്കെയായിരുന്നു അന്നൊരിക്കല്‍ ഈ ടീം പലര്‍ക്കും പ്രിയപ്പെട്ടതായും മാറിയിരുന്നത്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍