യുവതാരം സൂപ്പര്‍ ഫോമില്‍, സീനിയര്‍ താരത്തിന്റെ സ്ഥാനം തെറിച്ചേക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ഇഷാന്‍ കിഷന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ താരം ആകാശ് ചോപ്ര. വരും മത്സരങ്ങളില്‍ കെഎല്‍ രാഹുലിന് പകരം രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ഇഷാനെ പരിഗണിക്കാന്‍ ഈ പ്രകടനം ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചേക്കുമെന്ന് ആകാശ് ചോപ്ര വിലയിരുത്തി.

‘ഒരു ടീമിനെ കുറിച്ച് പറഞ്ഞാല്‍ മൂന്ന് ഓപ്പണര്‍മാര്‍ക്ക് മാത്രമേ സ്‌ക്വാഡിനൊപ്പം പോകാനാകൂ. രോഹിതും രാഹുലുമാണ് പൊതുവെ ആദ്യത്തെ രണ്ട് ചോയ്സ്. ഇവരെ കൂടാതെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ഇഷാന്‍ കിഷനാണ്.’

‘വാസ്തവത്തില്‍, അവന്‍ വളരെ നന്നായി കളിച്ചു. ഇതോടെ കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി ഇഷാനെ രോഹിത്തിനൊപ്പം ഓപ്പണിറായി ഇറക്കി, ഇടത് വലത് കോമ്പിനേഷന്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാകും.’

‘ഇഷാന്റെ പ്രകടനം ഏറെ ആസ്വാദ്യകരമായിരുന്നു. ഐപിഎല്ലിനിടെ അദ്ദേഹം എന്തോ സമ്മര്‍ദ്ദത്തിലാണെന്ന് ചര്‍ച്ച നടന്നിരുന്നു. അവിടെ പണത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്ന് പറയാം. പക്ഷേ അത് സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. പക്ഷേ ഇപ്പോള്‍ അവന്‍ നന്നായി ചെയ്യുന്നുണ്ട്’ ചോപ്ര പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിര ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ ടോപ്സ്‌കോറര്‍ ഇഷാനാണ്. 41.20 ശരശരിയില്‍ 150.36 സ്ട്രൈക്ക് റേറ്റോടെ 206 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.