കല്യാണം വൈകുന്നു; ഓസീസ് സ്റ്റാര്‍ പാകിസ്ഥാനിലേക്കില്ല

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാഹവും പര്യടന വേളയും അടുത്തടുത്ത് വരുന്നതാണ് മാക്‌സ്‌വെല്ലിനെ കുഴപ്പിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെയാണ് ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ നിശ്ചിത ഓവര്‍ പരമ്പര കളിക്കുക. അതിനുശേഷം മൂന്നു ടെസ്റ്റുകളിലും ഇരു ടീമുകളും ഏറ്റുമുട്ടും.

2020 മാര്‍ച്ചിലാണ് മാക്‌സ്‌വെല്ലും കാമുകി ഇന്ത്യന്‍ വംശജയായ വിനി രാമനും തമ്മിലെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം കല്യാണം രണ്ടു തവണ മാറ്റിവച്ചു. വിനി പറയുന്നതിന് അനുസരിച്ചായിരിക്കും പാക് പര്യടനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മാക്‌സ്‌വെല്‍ വ്യക്തമാക്കി.

പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്ഥാനില്‍ കളിക്കാന്‍ സാധിക്കുന്നത് മഹത്തായ കാര്യമാണെന്നും എന്നാല്‍ കല്യാണവും പരമ്പരയും അടുത്തടുത്ത് വരുന്നതില്‍ ഓസീസ് ടീമിനൊപ്പമുണ്ടാകുമോയെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്നും മാക്‌സ് വെല്‍ പറഞ്ഞു. ഇനിയൊരുക്കില്‍ക്കൂടി വിവാഹം നീട്ടിവെയ്ക്കാന്‍ പങ്കാളിയോട് ആവശ്യപ്പെടാനാവില്ലെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.