ഗില്ലിനെ രക്ഷിച്ച സ്‌പൈഡര്‍ ക്യാമറ; ചെന്നൈയുടെ ചിരി മാഞ്ഞ നിമിഷം

ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പുതുജീവന്‍ ലഭിച്ചത് അത്യപൂര്‍വ്വമായ രീതിയില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗില്ലിനെ ഔട്ടില്‍ നിന്ന് രക്ഷിച്ചത് സ്‌പൈഡര്‍ ക്യാമറ.

രവീന്ദ്ര ജഡേജ എറിഞ്ഞ പത്താം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. ജഡേജയെ സ്വീപ്പ് ചെയ്ത ഗില്ലിന് പിഴച്ചു. പന്ത് വായുവില്‍ ഉയര്‍ന്നു. മുന്നോട്ട് കുതിച്ച അമ്പാട്ടി റായുഡു നല്ലൊരു ക്യാച്ചിലൂടെ ഗില്ലിനെ പുറത്താക്കി. എന്നാല്‍ ഗില്‍ ഔട്ടായതില്‍ അസ്വാഭാവികത തോന്നിയ കൊല്‍ക്കത്ത ടീം തങ്ങളുടെ സംശയം അമ്പയര്‍മാരുമായി പങ്കുവച്ചു.

വീഡിയോ ദൃശ്യം പരിശോധിച്ചപ്പോള്‍ വായുവില്‍ ഉയര്‍ന്ന പന്ത് സ്‌പൈഡര്‍ ക്യാമറയില്‍ കൊണ്ടതായി വ്യക്തമായി. അതോടെ അമ്പയര്‍മാര്‍ ഡെഡ് ബോള്‍ വിധിച്ചു. അപ്രതീക്ഷിതമായി ജീവന്‍വീണുകിട്ടിയ ഗില്‍ ക്രീസിലേക്ക് പോകുമ്പോള്‍ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.