'ഒരു പരീശലകന് വേണ്ട കഴിവുകള്‍ ചന്തയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല, അത് ആര്‍ജിച്ചെടുക്കേണ്ടതാണ്, എനിക്കതുണ്ട്'; ദ്രാവിഡിനെതിരെ ശാസ്ത്രിയുടെ ഒളിയമ്പ്

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായി ഇതിനോടകം ഓസ്ട്രേലിയയിലെത്തിയ ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചു. ഇപ്പോഴിതാ ടീമിന്റെ വിജയത്തില്‍ പരിശീലകന്റെ ശരിയായ സമീപനം ഏറെ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു മികച്ച പരിശീലകന്‍ മനുഷ്യരെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവനായിരിക്കണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.

മനുഷ്യരെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സ്‌കൂള്‍ കുട്ടികളല്ല. അവര്‍ കോടീശ്വരന്മാരാണ്. എല്ലാവര്‍ക്കും അവരുടേതായ ചിന്താഗതികളുണ്ട്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഓരോ വ്യക്തികളുടെയും അടിത്തറ അറിയണം. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഈ കഴിവുകള്‍ ചന്തയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല. അത് ആര്‍ജിച്ചെടുക്കേണ്ടതാണ്. എനിക്കതുണ്ടെന്നാണ് കരുതുന്നതെന്നും ശാസ്ത്രി പറഞ്ഞു.

ദ്രാവിഡ് മികച്ചൊരു പരിശീലകനാണെങ്കിലും അതിനൊത്ത ഒരു റിസള്‍ട്ട് ഇന്ത്യന്‍ സീനിയര്‍ ടീമിനെ വെച്ച് ഉണ്ടാക്കാന്‍ മുന്‍ നായകന് സാധിക്കുന്നില്ല. അനാവശ്യ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പോരായ്മ. ഇത് പലപ്പോഴും ഭൂലോക പരാജയമായി മാറുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കവേയാണ് ശാസ്ത്രിയുടെ കമന്റ് എന്നതാണ് ശ്രദ്ധേയം.