കളിക്കാനില്ലെന്ന് ആദ്യം പറഞ്ഞത് സീനിയര്‍ താരം; അഞ്ചാം ടെസ്റ്റിന്റെ വിധിയെഴുതിയ നാടകീയ നിമിഷം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ നിരാശയിലാണ് ആരാധകര്‍. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസോയോക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ പരിശീലനം ഒഴിവാക്കിയെങ്കിലും ടെസ്റ്റ് നടക്കുമെന്നു തന്നെയാണ് കരുതപ്പെട്ടത്. എന്നാല്‍ തത്കാലം മത്സരം ഉപേക്ഷിക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ കോച്ചിംഗ് സ്റ്റാഫില്‍ ഒരാള്‍ക്ക് കൂടി കോവിഡ് ബാധിച്ചതിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകളാണ് ബിസിസിഐയും ഇസിബിയും നടത്തിയത്. ഇന്ത്യന്‍ താരങ്ങളെയെല്ലാം ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. കളിക്കാരെല്ലാം കോവിഡ് നെഗറ്റീവ് ആയതോടെ ടെസ്റ്റ് നടക്കാനുള്ള സാധ്യത തെളിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഒരു സീനിയര്‍ താരം കളത്തിലിറങ്ങാന്‍ വിമുഖത കാട്ടി. ടെസ്റ്റിനിടെ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമെന്നും താരം വാദിച്ചു.

ഇസിബി ചെയര്‍മാന്‍ ടോം ഹാരിസണ്‍ ഇടഞ്ഞുനിന്ന ഇന്ത്യന്‍ താരത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ മുതിര്‍ന്ന താരത്തിന്റെ വാദങ്ങള്‍ ഇന്ത്യന്‍ ടീമിലെ മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നത്രെ. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ ബിസിസിഐയും ഇസിബിയും ധാരണയിലെത്തുകയായിരുന്നു.