ടീമില്‍ അവന്റെ റോളെന്തെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കണം; ആവശ്യവുമായി മുന്‍ താരം

ഇന്ത്യന്‍ ടീമിലെ ശര്‍ദുല്‍ താക്കൂറിന്‍റെ റോളിനെക്കുറിച്ച് ചോദ്യമുയര്‍ത്തി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം. ടീമിലെ താക്കൂറിന്റെ റോളിനെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഓള്‍റൗണ്ടര്‍മാരോട് ടീമിലെ തന്റെ റോളിനെക്കുറിച്ച് വ്യക്തമാക്കേണ്ടതായുണ്ട്. പന്തുകൊണ്ട് ശര്‍ദുല്‍ ഠാക്കൂറിനെ സംബന്ധിച്ച് മികച്ചൊരു പരമ്പരയായിരുന്നു ഇത്. അതുകൊണ്ട് തന്നെ അവന്റെ റോളിനെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായി പറയണം.’

‘ഓള്‍റൗണ്ടറായാണ് പരിഗണിക്കുന്നതെങ്കില്‍ അവന്‍ ബാറ്റിങ്ങിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇന്ത്യയുടെ പേസ് നിര നിലവില്‍ ശക്തമാണ്. ഓള്‍റൗണ്ടര്‍മാരും മികച്ചവരാണ്. അതുകൊണ്ട് ശര്‍ദുലിന് തന്റെ റോളിനെക്കുറിച്ച് വ്യക്തത നല്‍കേണ്ടതായുണ്ട്’- സാബ കരീം പറഞ്ഞു.

ഇന്ത്യക്കായി 8 ടെസ്റ്റില്‍ 254 റണ്‍സും 27 വിക്കറ്റും 22 ഏകദിനത്തില്‍ 215 റണ്‍സും 32 വിക്കറ്റും 25 ടി20യില്‍ 69 റണ്‍സും 33 വിക്കറ്റുമാണ് ശര്‍ദുലിന്റെ പേരിലുള്ളത്. ടെസ്റ്റിലാണ് താരത്തെ ഇന്ത്യ കൂടുതല്‍ പരിഗണിക്കുന്നത്. എന്നാല്‍ ലിമിറ്റഡ് ഓവറില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.