തങ്ങളുടെ ആവാസ മേഖലയിലേക്ക് വിരുന്ന് വന്ന ദുര്‍ബലര്‍ ആയ അയര്‍ലന്റിനെയും അഫ്ഗാനിസ്ഥാനെയും കടിച്ചു കുടഞ്ഞു രസിച്ചും ….അവരുടെ ദീന രോദനം കേട്ടു പുളകിതര്‍ ആയും നടന്ന…… കരുത്തര്‍ ആയ ന്യൂസിലന്റുമായുള്ള ദ്വന്ത യുദ്ധത്തില്‍ അവരുമായി കട്ടക്ക് കട്ട പിടിച്ചു നിന്ന് ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയ…… ഇരട്ട ചങ്കന്മാരായ പാകിസ്താനെ അവരുടെ മടയില്‍ പോയി പിച്ചി ചീന്തി ചരിത്രം സൃഷ്ടിച്ച ബംഗ്ലാ കടുവകള്‍ക്ക്…. അവരുടെ അടുത്ത എതിരാളികളുടെ പേരെഴുതിയ പേപ്പര്‍ കിട്ടുകയാണ്……. ആ പേര് കണ്ടു കണ്ണുകളില്‍ തിളങ്ങുന്ന അതിയായ പകയും, ക്രൂരത മുറ്റിയ ചിരിയും മുഖത്ത് വിരിഞ്ഞ ആക്കൂട്ടത്തില്‍ ഒരാളില്‍ നിന്നും ആ വാക്കുകള്‍ ഉതിര്‍ന്നു വീഴുകയാണ്….. ‘അടുത്തത് ഇന്ത്യ.’….
പല്ലും നഖവും രാകി മിനുക്കി മൂര്‍ച്ച ഉറപ്പാക്കി ഇന്ത്യന്‍ മണ്ണിലേക്ക് വേട്ടക്കായി കടന്നു വരുമ്പോള്‍ അവരുടെ ഉള്ളില്‍ വീട്ടുവാന്‍ കടമേറെ ഉള്ളവരുടെ പക മാത്രമായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ആര്‍ജിച്ചെടുത്ത കരുത്തിലും ആക്രമണ നൈപുണ്യത്തിലും അവര്‍ അത്രയേറെ ആത്മവിശ്വാസത്തിലുമായിരുന്നു താനും…..
ചെന്നെയില്‍ തിങ്ങി നിറഞ്ഞ കാണികളുടെ കര ഘോഷങ്ങള്‍ക്കിടയിലൂടെ പോരാട്ടഭൂവിലേക്ക് ചിരിയോടെ നടന്ന കടുവകളുടെ മുന്നിലും പിന്നിലും പെടുന്നനെ കൂറ്റന്‍ ഇരുമ്പഴികള്‍ പതിയെ പ്രത്യക്ഷപെടുകയാണ്…..! ചുറ്റിനും ഇരുമ്പഴികളും പുറത്തു പൂട്ടും കണ്ടപ്പോള്‍ ആണ് തങ്ങള്‍ കെണിയില്‍ അകപെട്ടെന്ന് കടുവകള്‍ക്ക് മനസിലായത്…..
കെണിയില്‍ അകപ്പെട്ടതിന്റെ ആദ്യ രണ്ട് ദിവസം രക്ഷപെടുവാനായി കടുവകള്‍ തങ്ങളെക്കൊണ്ടാകും വിധമെല്ലാം ശ്രമിച്ചെങ്കിലും അശ്വിനും ജഡേജയും ചാട്ടവാറും, ഗില്ലും പന്തും വാരിക്കുന്തവുമായി കൂട്ടിലേക്കിറങ്ങിയതോടെ അവരുടെ കൈകരുത്തിന്റെ മുന്നില്‍ അഞ്ചു ദിവസത്തിനുള്ളില്‍ വണങ്ങി നില്‍ക്കുവാനായിരുന്നു ആ നരഭോജികളുടെ വിധി…..!
ഒടുവില്‍ അവരെ കൂടോടെ ചെന്നെയില്‍ നിന്നും കാണ്‍പൂരിലേക്ക് പറിച്ചു നട്ട ശേഷം അവിടുത്തെ കൂട്ടില്‍ വച്ചും രോഹിത്തും ജെയ്‌സവലും ഗില്ലും കോഹ്ലിയും രാഹുലും ബുമറയും തുടങ്ങി ആകാശ് ദീപ് വരെ തങ്ങളെ നിരന്തരം കയ്യില്‍ കിട്ടുന്നതെല്ലാം വച്ചു ഉപദ്രവിക്കുന്നത് കണ്ടപ്പോള്‍ കടുവകള്‍ പതിയെ ഒരു കാര്യം തിരിച്ചറിയുകയായിരുന്നു.. ‘ഈ നാടും ഇവിടുത്തേ നാട്ടരും ഇച്ചിരി പിശകാണ് ഇവിടുന്നു രക്ഷ പെടാന്‍ ഒരു വഴിയേ ഉള്ളു ഇവന്മാര്‍ പറയുന്നത് പോലെ അനുസരിക്കുക’..
അങ്ങനെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട കടുവകള്‍ തങ്ങളുടെ യജമാനന്മാര്‍ പറയുന്നത് പോലെ കാന്‍പൂരിലെ കാണികളുടെ മുന്നിലൂടെ അനുസരണയുള്ള പൂച്ചക്കുട്ടിയെ പോലെ നടക്കുകയാണ്….!
ഒടുവില്‍ അഞ്ചാം നാള്‍ അവരുടെ കൂടിന്റെ പൂട്ട് തുറന്നു കൊടുത്തു അവര്‍ക്ക് മതിയാവോളം ആഹാരവും നല്‍കി യജമാനന്മാര്‍ ‘ഇനിയും കാണാം’ എന്നൊരു സ്‌നേഹ വായ്‌പ്പോടെ അവരെ അവിടെ നിന്നും യാത്രയാക്കുമ്പോള്‍ പുറത്തു നിന്നിരുന്ന കുട്ടികളുടെ പ്ലകാര്‍ഡിലെ ‘ ഇവിടെ വന്നതിനും ഞങ്ങളെ ചിരിപ്പിച്ചതിനു നന്ദി ഇനിയും വരുക കടുവകളെ ‘ എന്ന വാചകം കണ്ടു തിരിഞ്ഞു നോക്കവേയാണ് തങ്ങള്‍ ഇറങ്ങി വന്ന ആ വലിയ കൂടാരത്തിന്റെ പേര് അവരുടെ ശ്രദ്ധയില്‍ പെടുന്നത്…..’ദി ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്…….’
ഇരകളെ മോഹിച്ചു ഈ മണ്ണില്‍ വേട്ടക്കിറങ്ങുന്നവന്മാരെ കെണി വച്ചു പിടിച്ചു മെരുക്കി അവരെ കൊണ്ടു ഫുട്ബാള്‍ തട്ടിച്ചും സൈക്കിള്‍ ചവിട്ടിച്ചും കോമാളികള്‍ ആക്കുന്ന വേട്ടക്കാരെ വേട്ടയാടുന്ന പതിനൊന്നു പേരുടെ സങ്കേതം…
എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍